കൊല്ലത്ത് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥി നിർണയത്തിൽ ഡിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ എസ് യു രംഗത്ത്. സ്ഥാനാർത്ഥി നിർണയത്തിൽ കെ എസ് യുവിനെ പൂർണ്ണമായും അവഗണിച്ചു എന്ന് ആരോപിച്ചാണ് ജില്ലാ നേതൃത്വം പ്രതിഷേധവുമായി രംഗത്തെത്തിയത്.
കെ എസ് യു കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ ഡിസിസിക്കെതിരെ ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തു. “ഉറക്കം നടിക്കുന്നവരുടെ ചെവിട്ടിൽ പടക്കം പൊട്ടിച്ച് ഉണർത്തും. കൊടി കെട്ടാനും പരിപാടിക്ക് ആളെ തികയ്ക്കാനും മാത്രമല്ലെന്നും കെ എസ് യുക്കാർക്ക് കോളേജിൽ മാത്രമല്ല പണി എന്നും” അദ്ദേഹം മുന്നറിയിപ്പ് നൽകി.
കെ എസ് യു ഡിസിസിക്ക് നൽകിയ 14 പേരുടെ പട്ടികയിൽ ഒരാൾക്ക് മാത്രമാണ് സീറ്റ് നൽകിയത്. ഇതോടെ, “വെറും ആൾക്കൂട്ടമല്ല കെ എസ് യു എന്ന് നേതൃത്വം മനസിലാക്കണമെന്നും” പ്രസിഡന്റ് താക്കീത് നൽകി. കുറിപ്പിന് പിന്നാലെ, കെ എസ് യു ജില്ലാ അധ്യക്ഷൻ ഉൾപ്പെടെയുള്ള പ്രവർത്തകർ ഡിസിസി ഓഫിസിലേക്ക് പ്രതിഷേധവുമായി എത്തി.ചില വ്യക്തിപരമായ താത്പര്യങ്ങൾക്ക് ഡിസിസി പ്രസിഡന്റ് വഴങ്ങുന്നതാണ് ഈ അവഗണനയ്ക്ക് കാരണമെന്നും കെ.എസ്.യു. നേതാക്കൾ ആരോപിച്ചു.
