വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനെന്ന് പേരെടുത്ത ട്വിറ്ററിന്റെ സിഇഒ ഇലോണ്‍ മസ്‌കിന് ഇനി ആ സ്ഥാനമുണ്ടാവില്ല. ഫോബ്‌സ് റിപ്പോര്‍ട്ട് പ്രകാരം ഫ്രഞ്ച് ബിസിനസുകാരനും ഫാഷന്‍ രംഗത്തെ പ്രമുഖരായ എല്‍വിഎംഎച്ചിന്റെ ചെയര്‍മാനുമായ ബെര്‍ണാഡ് അര്‍ണോള്‍ട്ടാണ് ഇപ്പോഴത്തെ ഏറ്റവും വലിയ സമ്പന്നന്‍.

ടെസ്‌ലയുടെ ഓഹരിമൂല്യത്തിലുണ്ടായ ഇടിവാണ് ഇലോണ്‍ മസ്‌കിന് തിരിച്ചടിയായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടെസ്‌ലയുടെ ഓഹരികളില്‍ നാല് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇലോണ്‍ മസ്‌കിന്മേലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് ടെസ്‌ലയിലെ നിക്ഷേപം പിന്‍വലിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

ലോകത്തെ ഏറ്റവും വലിയ സമ്പന്നനെന്ന ഖ്യാതി ഇലോണ്‍ മസ്‌കിന് നഷ്ടമായിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 176.8 ബില്ല്യണ്‍ ഡോളറാണ് ഇലോണ്‍ മസ്‌കിന്റെ ആസ്തി. എന്നാല്‍ 188.2 ബില്യണിന്റെ ആസ്തിയുള്ള ബെര്‍ണാഡ് അര്‍ണോട്ട് മസ്‌കിനെ കടത്തിവെട്ടിയിരിക്കുകയാണ്. 11.8 ബില്യണിന്റെ വ്യത്യാസമാണ് ബെര്‍ണാഡുമായി മസ്‌കിനുള്ളത്. ട്വിറ്ററിന്റെ മേധാവിയായി സ്ഥാനം ഏറ്റെടുത്ത ശേഷം മസ്‌കിന് മറ്റ് ബിസിനസുകളിലെ താത്പര്യം കുറഞ്ഞുവെന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 44 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് ഏറ്റെടുത്ത ട്വിറ്ററില്‍ മാത്രമാണ് മസ്‌കിനിപ്പോള്‍ ശ്രദ്ധയെന്നുമാണ് ഉയരുന്ന വാദം.

Leave a Reply

Your email address will not be published. Required fields are marked *