പരമ്പരാഗതമായി യു.ഡി.എഫിന്റെ ശക്തികേന്ദ്രമായിരുന്ന കുന്ദമംഗലം പഞ്ചായത്ത്, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിലെ ആഭ്യന്തര പ്രശ്നങ്ങളും ചില വാർഡുകളിലുണ്ടായ റിബൽ സ്ഥാനാർഥികളും മൂലമാണ് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. ആ പരാജയം സംഘടനയെ ആത്മപരിശോധനയ്ക്ക് പ്രേരിപ്പിച്ചുവെന്നും, അതിന്റെ ഫലമായാണ് ഇത്തവണത്തെ ശക്തമായ തിരിച്ചുവരവെന്നും
ഡിസിസി ജനറൽ സെക്രട്ടറിയും കുന്നമംഗലം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ എം ധനീഷ് ലാൽ വ്യക്തമാക്കി.
കഴിഞ്ഞ കാലങ്ങളിൽ മുന്നണി ധാരണ പ്രകാരം ലഭിച്ച രണ്ടര വർഷത്തെ പ്രസിഡന്റ്പദവി പങ്കുവെക്കുന്നതാണ് പതിവെന്നും, കോൺഗ്രസിന് പ്രസിഡന്റ്പദവി ലഭിക്കുന്ന അവസരങ്ങളിൽ രണ്ട് പേർ മാറിമാറി ചുമതല വഹിക്കുന്ന സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് ജനങ്ങളുടെ അപ്രീതിക്ക് പലപ്പൊഴും കാരണമായതെന്നും അദ്ദേഹം വിലയിരുത്തി.
അതിനാൽ ഇത്തവണ കോൺഗ്രസിന് ലഭിക്കുന്ന അവസരത്തിൽ പ്രസിഡന്റ്പദവിയിൽ മുഴുവൻ കാലാവധിയും ഒരാൾ തന്നെ തുടർന്നുനിൽക്കുന്ന സാഹചര്യം ഉണ്ടാകണമെന്നും, ഈ ആവശ്യം ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും എം. ധനീഷ് ലാൽ കൂട്ടിച്ചേർത്തു.
