നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികരണവുമായി അതിജീവിത. വിചാരണ കോടതിയിൽ വിശ്വാസം നഷ്ടമായി. കേസിൽ തന്റെ അടിസ്ഥാന ആവശ്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ല. വിചാരണ കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടമാർ തടവിലാക്കപ്പെട്ട പോലെയായിരുന്നു. കോടതിയിൽ നീതി പ്രതീക്ഷിക്കേണ്ടതില്ലെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. കേസ് തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ലെന്നും അതിജീവിത ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചു.
കുറിപ്പ് ഇങ്ങനെ:
എട്ടു വർഷം, ഒൻപത് മാസം, 23 ദിവസങ്ങൾ.. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാൻ കാണുന്നു, പ്രതികളിൽ ആറുപേർ ശിക്ഷിക്കപ്പെട്ടിരിക്കുന്നു എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഞാൻ ഈ വിധിയെ സമർപ്പിക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ അല്പം ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാൻ കരുതുന്നു.
അതുപോലെ ഒന്നാംപ്രതി എന്റെ personal ഡ്രൈവർ ആയിരുന്നു എന്ന് ഇപ്പോഴും പറയുന്നവരോട്, അത് ശുദ്ധമായ നുണയാണ്. അയാൾ എന്റെ ഡ്രൈവറോ എന്റെ ജീവനക്കാരനോ എനിക്ക് ഏതെങ്കിലും രീതിയിൽ പരിചയമുള്ള വ്യക്തിയോ അല്ല, 2016ൽ ഞാൻ വർക്ക്ചെയ്ത ഒരു സിനിമക്ക് വേണ്ടി പ്രൊഡക്ഷനിൽ നിന്നും നിയോഗിക്കപ്പെട്ട ഒരാൾ മാത്രമാണ് അയാൾ ഈ ക്രൈം നടക്കുന്നതിന് മുൻപ് ഒന്നോ രണ്ടോ തവണമാത്രമാണ് ഞാൻ അയാളെ കണ്ടിട്ടുള്ളത്. അതുകൊണ്ട് ദയവായി നിങ്ങൾ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് കഥകൾ പറയുന്നത് നിർത്തുമെന്ന് കരുതുന്നു.
ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം എന്നാൽ എനിക്കിതിൽ അത്ഭുതമില്ല. 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ എനിക്ക് ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവെന്ന രീതിയിൽ നിന്നും മാറ്റം സംഭവിക്കുന്നു എന്നത് പ്രോസിക്യൂഷനും മനസ്സിലായിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി എനിക്ക് ഈ കോടതിയിൽ തീർത്തും വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ട് ഞാൻ പലതവണ ബഹുമാനപ്പെട്ട ഹൈക്കോടതിയെയും ബഹുമാനപ്പെട്ട സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. ഈ പ്രസ്തുത ജഡ്ജിൽനിന്നും ഈ കേസ് മാറ്റണമെന്നുള്ള എന്റെ എല്ലാ ഹർജികളും പക്ഷേ നിഷേധിക്കുകയായിരുന്നു. അതിന്റെ വിശദാംശങ്ങൾ ഇതിന്റെ അവസാനം ഞാൻ ചേർക്കുന്നുണ്ട്.
നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ ഞാനിപ്പോൾ തിരിച്ചറിയുന്നു, ‘നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല’ തിരിച്ചറിവ് നൽകിയതിന് നന്ദി. ഉയർന്ന നീതി ബോധമുള്ള ന്യായിധിപൻമാർ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്.
