റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ തീരുമാനമായില്ല. ആറാം തവണയും കേസ് റിയാദ് കോടതി മാറ്റിവെച്ചു.
ഇന്ന് രാവിലെ എട്ടിന് റിയാദ് ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ച സിറ്റിങ് ഒരു മണിക്കൂറിലേറെ നീണ്ടു. ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ ജയിലില്‍നിന്ന് റഹീമും റഹീമിന്റെ അഭിഭാഷക സംഘവും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കാഞ്ചേരിയും സഹായ സമിതി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. പ്രോസിക്യൂഷന്റെ വാദം കേള്‍ക്കലും പ്രതിഭാഗത്തിന്റെ മറുപടി പറച്ചിലുമായി കുറച്ചധികം നീണ്ട സിറ്റിങ് നടപടികള്‍ ഒരു തീര്‍പ്പിലെത്തും എന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും കേസ് മാറ്റിവെക്കുന്നതായി അറിയിപ്പാണ് ഒടുവില്‍ വന്നത്.
കേസ് പരിഗണിക്കുന്ന അടുത്ത തീയതി ഉടന്‍ അറിയാം. മോചനകാര്യത്തില്‍ തീരുമാനമെടുക്കാനുള്ള ആറാമത്തെ കോടതി സിറ്റിങ്ങാണ് ഇന്ന് നടന്നത്. ഡിസംബര്‍ 30നായിരുന്നു കഴിഞ്ഞ സിറ്റിങ്.