തൃശ്ശൂർ:64ആമത് സംസ്‌ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ നടന്ന ഹൈസ്കൂൾ വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തിൽ എ ഗ്രേഡ് നേടി അമിൻ താജുദ്ധീൻ. കൊല്ലം ജില്ലയിലെ കടക്കൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്. ഇത് രണ്ടാമത്തെ തവണയാണ് അമിൻ താജുദ്ധീൻ സംസ്‌ഥാന തലത്തിൽ വിജയിയാകുന്നത്.
പ്രശസ്ത മാപ്പിള കവി ബദറുദ്ദീൻ പാറന്നൂരിൻ്റെ സീറത്തുന്നബവിയ്യ എന്ന കൃതിയിലെ പ്രവാചകൻ മുഹമ്മദ് നബിയുടെ ഹിജ്റ ചരിത്രത്തിൽ നിന്നും സാദിക് പന്തല്ലൂർ ഈണം നൽകി മുഹമ്മദ് റാഫി പരിശീലനം നൽകിയ ഗാനമാണ് ആലപിച്ചത്.

വർഷങ്ങൾക്ക് മുമ്പ് കൊല്ലത്ത് നടന്ന കലോത്സവത്തിൽ വെച്ചാണ് മാപ്പിളപ്പാട്ട് പരിശീലകനായ മുഹമ്മദ്‌ റാഫി, അമിൻ താജുദ്ധീനെ പരിചയപ്പെടുന്നത്. മാപ്പിളപ്പാട്ട് പാടുന്നതിലുള്ള അമിന്റെ കഴിവും അവന്റെ സാഹചര്യവും മനസ്സിലാക്കിയ മുഹമ്മദ്‌ റാഫി യാതൊരു പ്രതിഫലവും വാങ്ങാതെയാണ് പരിശീലനം നൽകിയത്. കഴിഞ്ഞ 22 വർഷമായി മുഹമ്മദ്‌ റാഫി സ്കൂൾ കലോത്സവ രംഗത്ത് പരിശീലകനായി പ്രവർത്തിക്കുന്നു. ഇതിനോടകം നിരവധി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.

പത്താം ക്ലാസ് വിദ്യാർഥി ആയ അമിൻ മേലാറ്റൂർ എടത്താനാട്ട് സ്വദേശിയാണ്. അച്ഛൻ വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടു. അമ്മ സിന്ധുവാണ് അമിനും സഹോദരിമാർക്കും പ്രോത്സാഹനവുമായി ഒപ്പമുള്ളത്. അമ്മയും സഹോദരങ്ങളും പാട്ടുകാരാണ്. കഴിഞ്ഞ തവണ കഥകളി സംഗീതം, ശാസ്ത്രീയ സംഗീതം എന്നിവയിൽ മത്സരിച്ച് വിജയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *