തൃശൂർ: 64ാമത് സംസ്ഥാന കലോത്സവത്തിൽ മാറ്റുരക്കാനെത്തി കണ്ണൂരിൽ നിന്നുള്ള സഹോദരങ്ങൾ. പയ്യന്നൂർ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ വിദ്യാർഥി സാധികയും അനിയൻ സായൂജുമാണ് വർണകൂട്ടുകൾ കൊണ്ട് വിസമയം തീർക്കാൻ തൃശൂരിലെത്തിയത്.
മൂന്ന് ഇനങ്ങളിലാണ് സാധിക മത്സരിക്കുന്നത് ഇത്തവണ. അതിൽ ഗ്രൂപ്പ് ഡാൻസിന് എ ഗ്രേഡ് ലഭിച്ചു. പെൻസിൽ ഡ്രോയിങ്ന്റെ ഫലത്തിനായുള്ള കാത്തിരിപ്പിലാണ്. ഓയിൽ പെയിന്റിങ് മത്സരം ഉടനെ നടക്കാനുണ്ട്.

സഹോദരൻ സായൂജും മത്സരത്തിന് ഒപ്പത്തിന് ഒപ്പമുണ്ട്. സാധിക ഒന്നാമതെത്തിയപ്പോൾ സായൂജിന് എല്ലാത്തിലും രണ്ടാം സ്ഥാനമാണ് ലഭിച്ചത്.
ഇതിനെതിരെ അപ്പീൽ പോകുമെന്നാണ് തമാശ രൂപേണ സായൂജ് പ്രതികരിച്ചത്.
ഇനിയും വർഷങ്ങൾ മത്സരിക്കാനുണ്ട് എന്ന ആശ്വാസത്തിലാണ് സായൂജ്. ഇപ്പോൾ എട്ടാം ക്ലാസിലാണ് സായൂജ്, സാധിക പത്തിലും.
2022 ൽ ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് കേന്ദ ഊർജ വകുപ്പ് നടത്തിയ മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വിജയിച്ച സാധിക, ദേശീയ തലത്തിലും മത്സരിക്കാൻ അവസരം ലഭിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് ഉപഹാരം ഏറ്റുവാങ്ങിയത്. രാഷ്ട്രപതിയെ നേരിട്ടു കണ്ടതിന്റെ ആശ്ചര്യവും സന്തോഷും സാധികയുടെ വാക്കുകളിൽ ഇപ്പോഴുമുണ്ട്. രണ്ടു തവണയാണ് ദേശീയ തലത്തിലേക്ക് മത്സരിച്ച് എത്തിയത്. എട്ടാം ക്ലാസ് മുതൽ തുടർച്ചയായി സംസ്ഥാന തല കലോത്സവത്തിൽ മത്സരിച്ച് എ ഗ്രേഡ് നേടിയിട്ടുണ്ട്. സംസ്ഥാന തലത്തിൽ കൈത്തറി നടത്തുന്ന എല്ലാ എല്ലാ മത്സരങ്ങളിലും പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. ഈ വർഷം വനം വന്യജീവി വകുപ്പ് നടത്തിയ ജലഛായ മത്സരത്തിൽ സംസ്ഥാനതല വിജയി കൂടിയാണ് സാധിക.
ബറോസ് നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയിച്ച സായൂജിന് മോഹൻലാൽ ആണ് സമ്മാനം നൽകിയത്. കൂടാതെ, തുടർച്ചയായി 3 വർഷമായി കേന്ദ ഊർജ വകുപ്പ് നടത്തിയ മത്സരത്തിലും പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട് സായൂജ്.
ചെറിയ പ്രായം മുതൽ ചിത്രരചന ആരംഭിച്ചിട്ടുണ്ട് രണ്ടുപേരും. അമ്മ പ്രീത എല്ലാ മത്സരങ്ങളിലും പങ്കെടുപ്പിക്കാറുണ്ട് എന്ന് സാധിക പറഞ്ഞു.
അച്ഛൻ പത്മരാജൻ എല്ലാവിധ പ്രോത്സാഹനവും നൽകിവരുന്നു
