ഇന്ത്യന്‍ സൈന്യത്തിന്റെ ധീര ചരിത്രം ഓര്‍മിച്ച് രാജ്യം. പോരാട്ട വീര്യത്തിന്റെ സ്മരണകളില്‍ മുഴുകി രാജ്യം ഇന്ന് 78ാമത് കരസേന ദിനം ആചരിക്കുന്നു. രാജ്യാതിര്‍ത്തിയില്‍ സംരക്ഷണ കവചം സൃഷ്ടിക്കുന്ന സൈനികര്ക്കായുള്ളതാണ് ഈ ദിവസം.
സൈനികരുടെ ധൈര്യം, അച്ചടക്കം, ത്യാഗം എന്നിവയെ ആദരിക്കുന്നതിനായി എല്ലാ വർഷവും ജനുവരി 15ന് ഇന്ത്യൻ കരസേനാ ദിനം ആചരിക്കുന്നു. രാജ്യത്തിൻ്റെ സൈനിക ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമാണ് ഇന്ത്യൻ കരസേന ദിനം. 1949 ജനുവരി 15ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ സൈനിക മേധാവിയായി ജനറൽ കെ.എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓർമയ്ക്കായാണ് കരസേന ദിനം ആചരിക്കുന്നത്.
ബ്രിട്ടീഷ് കമാൻഡറായിരുന്ന ജനറൽ സർ ഫ്രാൻസിസ് റോയ് ബുച്ചറിന് പകരക്കാരനായാണ് അദ്ദേഹം ചുമതലയേറ്റത്. കരസേനാ ഉദ്യോഗസ്ഥരുടെ നേതൃത്വം, ധൈര്യം, സേവനം എന്നിവയെ അംഗീകരിക്കുന്നതിനായി ഈ ദിനം സമർപ്പിച്ചിരിക്കുന്നു.
ഡല്‍ഹിയ്ക്ക് പുറത്ത് നാലാം തവണയും കൻ്റോൺമെൻ്റ് ഏരിയയ്ക്ക് പുറത്ത് ആദ്യമായുമാണ് കരസേന ദിനാഘോഷം നടക്കുന്നത്. ജയ്പൂരിലെ ജഗത്പുരയിലെ മഹൽ റോഡിലാണ് ഇത്തവണത്തെ കരസേനാ ദിനാഘോഷം നടക്കുന്നത്. ആയുധങ്ങൾ, വാഹനങ്ങൾ, ഡ്രോണുകൾ, പ്രതിരോധ സംവിധാനങ്ങൾ എന്നിവ പ്രദർശിപ്പിക്കും.
കരസേന ദിനത്തില്‍ ഇന്ത്യന്‍ സൈനികരെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി. ഇന്ത്യൻ സൈനികർ നിസ്വാർഥ സേവനത്തിൻ്റെയും നിശ്ചയ ദാർഢ്യത്തിൻ്റെയും പ്രതീകമായി നിലകൊള്ളുന്നുവെന്ന് മോദി പറഞ്ഞു. ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ഉറച്ച ദൃഢനിശ്ചയത്തോടെ രാഷ്ട്രത്തെ സംരക്ഷിക്കുന്ന അവരുടെ ധൈര്യത്തെ അഭിവാദ്യം ചെയ്യുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. അതേസമയം കർമനിരയിൽ ജീവൻ ബലിയർപ്പിച്ചവരെ രാജ്യം ബഹുമാനത്തോടെ ഓർക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
“നമ്മുടെ സൈനികർ നിസ്വാർഥ സേവനത്തിൻ്റെയും നിശ്ചയ ദാർഢ്യത്തിൻ്റെയും പ്രതീകമായി നിലകൊള്ളുന്നു, ചില സമയങ്ങളിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ഉറച്ച ദൃഢനിശ്ചയത്തോടെ രാഷ്ട്രത്തെ സംരക്ഷിക്കുന്നു. അവരുടെ കർത്തവ്യബോധം രാജ്യമെമ്പാടും ആത്മവിശ്വാസവും നന്ദിയും പ്രചോദിപ്പിക്കുന്നു” അദ്ദേഹം എക്സില്‍ കുറിച്ചു.
ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ഖാര്‍ഗെ
78ാമത് കരസേന ദിനത്തില്‍ ഇന്ത്യന്‍ സൈനികരോട് ആദരവ് പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇന്ത്യൻ സൈന്യം നമ്മുടെ രാജ്യത്തിൻ്റെ ഉറച്ച കവചമായി നിലകൊള്ളുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു. ഇന്ത്യയെ സുരക്ഷിതമായി നിലനിർത്തുന്ന നിസ്വാർഥ ത്യാഗ മനോഭാവത്തിനോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
“ഇന്ത്യൻ സൈനിക ദിനത്തിൽ നമ്മുടെ ധീരരായ സൈനികർ, മുൻ സൈനികർ, അവരുടെ കുടുംബങ്ങൾ എന്നിവരോട് ഞങ്ങൾ ആദരവും നന്ദിയും പ്രകടിപ്പിക്കുന്നു. ഏറ്റവും ശക്തമായ ഭൂപ്രദേശങ്ങളിലൂടെ നമ്മുടെ അതിർത്തികൾ സംരക്ഷിക്കുന്നതിനും ആഭ്യന്തര സുരക്ഷാ വെല്ലുവിളികളിൽ സ്ഥിരത ശക്തിപ്പെടുത്തുന്നതിനും പ്രകൃതി ദുരന്തങ്ങളിൽ അചഞ്ചലമായ പിന്തുണ നൽകുന്നതിനും ഇന്ത്യൻ സൈന്യം നമ്മുടെ രാജ്യത്തിൻ്റെ ഉറച്ച കവചമായി നിലകൊള്ളുന്നു” ഖാർഗെ പറഞ്ഞു.
നമ്മുടെ രാജ്യത്തിൻ്റെ ഏറ്റവും ശക്തമായ കവചമായി ഇന്ത്യൻ സൈന്യം നിലകൊള്ളുന്നു. ഇന്ത്യയോടുള്ള അവരുടെ അചഞ്ചലമായ സേവനത്തിനും പ്രതിബദ്ധതയ്ക്കും ഞങ്ങൾ അഗാധമായി നന്ദിയുള്ളവരായിരിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. കൃത്യനിർവഹണത്തിലെ ധീരരായ സൈനികരുടെ ധൈര്യത്തിനും അച്ചടക്കത്തിനും പരമോന്നത ത്യാഗത്തിനും അഭിവാദ്യം അർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
