ത്രിപുരയിലെ ഗവണ്‍മെന്റ് കോളേജില്‍ സ്ഥാപിച്ച സരസ്വതി വിഗ്രഹത്തെ ചൊല്ലി പ്രതിഷേധം. ബസന്ത് പഞ്ചമി ആഘോഷത്തിന്റെ ഭാഗമായി അഗര്‍ത്തലയിലെ ഗവണ്‍മെന്റ് കോളേജ് ഓഫ് ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റില്‍ സ്ഥാപിച്ച സരസ്വതി വിഗ്രഹത്തിന് സാരിയില്ലെന്ന് ആരോപിച്ച് എബിവിപി പ്രവര്‍ത്തകര്‍ പരിപാടി തടസ്സപ്പെടുത്തി. വിഗ്രഹം അശ്ലീലത ഉളവാക്കുന്നതും, മതവികാരത്തെ വ്രണപ്പെടുത്തുന്നതുമാണെന്നാണ് ആരോപണം.

കോളേജില്‍ നിര്‍മിച്ച വിഗ്രഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. സരസ്വതി ദേവിയുടെ വിഗ്രഹം അശ്ലീലമായ രീതിയിലാണ് കൊത്തിയെടുത്തതെന്ന് എബിവിപി ആരോപിച്ചു. സാരിയില്ലാത്ത വിഗ്രഹത്തെ സാരി പുതപ്പിച്ചു കൊണ്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സരസ്വതി ദേവിയെ ഈ രൂപത്തില്‍ അവതരിപ്പിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ത്രിപുരയിലെ എബിവിപി ജനറല്‍ സെക്രട്ടറി ദിബാകര്‍ ആചാരി പറഞ്ഞു.

എതിര്‍പ്പ് ശക്തമായതോടെ കോളേജ് അധികൃതര്‍ പ്രതിമ സ്ഥലത്തുനിന്നു മാറ്റി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചു. പകരം പുതിയ പ്രതിമ സ്ഥാപിച്ച് പൂജ പൂര്‍ത്തിയാക്കി. ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *