കൊല്ലം: പരവൂർ പുക്കുളം സുനാമി ഫ്ലാറ്റിൽ കഞ്ചാവ് കച്ചവടം ചോദ്യം ചെയ്ത അയൽവാസിയെ മാരകായുധങ്ങൾ ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി കലേഷ് (33) പിടിയിലായി. മയ്യനാട് താന്നിയിൽ നിന്നാണ് പരവൂർ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നിരവധി ലഹരിമരുന്ന്-വധശ്രമ കേസുകളിൽ പ്രതിയായ കലേഷിനെ കോടതി റിമാൻഡ് ചെയ്തു.
ഫെബ്രുവരി 10നായിരുന്നു സംഭവം. പ്രതിയുടെ ഫ്ലാറ്റിലെ കഞ്ചാവ് വിൽപ്പന അയൽവാസിയായ ഗിരീഷ് തടഞ്ഞതാണ് അക്രമത്തിന് കാരണമായത്. തടയാനെത്തിയ ഗിരീഷിന്റെ വയറ്റിലും വാരിയെല്ലിനും കലേഷ് കുത്തി. പരിക്കേറ്റ ഗിരീഷ് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അക്രമം തടയാനെത്തിയ സുധീഷ്, ഷബീർ എന്നിവർക്കും കുത്തേറ്റിരുന്നു. കേസിലെ രണ്ടാം പ്രതി സേവ്യറെ നേരത്തെ പിടികൂടിയിരുന്നു. ഇയാളുടെ പക്കൽ നിന്ന് വടിവാളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു. സജിത്ത്, ഗോപു എന്നീ പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
