കോഴിക്കോട്: കോഴിക്കോട് അരയിടത്തുപാലം ഫ്ലൈഓവർ അപകടത്തിൽ പരിക്കേറ്റ ഒരു വയസുകാരി മരിച്ചു. മലപ്പുറം വേങ്ങര കുഴിപ്പറം സ്വദേശികളായ ഷഹാസ്-ഫിദ ദമ്പതികളുടെ മകൾ റഹ്മ ബിന്ത് ഷഹാസാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ഉമ്മ ഫിദ ഇപ്പോഴും ഐസിയുവിൽ തുടരുകയാണ്. പിതാവ് ഷഹാസ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം. അമിതവേഗതയിൽ ദിശതെറ്റിയെത്തിയ ജിംനി ജീപ്പ്, കുടുംബം സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മീഞ്ചന്തയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കൊടുവള്ളി സ്വദേശിയുടേതാണ് അപകടമുണ്ടാക്കിയ ജിംനി. ഇതിലുണ്ടായിരുന്ന ഒരാൾക്കും പരിക്കേറ്റിരുന്നു.
