കെ മുരളീധരനും അടുത്തുതന്നെ കോണ്‍ഗ്രസില്‍ നിന്ന് പോകേണ്ടിവരുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസില്‍ നല്ല നേതാക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരെല്ലാം പലപ്പോഴായി കൊഴിഞ്ഞു പോയി. ചേട്ടന് വേണ്ടി പരവതാനി വിരിച്ചിട്ടാണ് താന്‍ ബിജെപിയിലേക്ക് പോന്നതെന്നും പത്മജ വേണുഗോപാല്‍. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുന്‍ കോണ്‍ഗ്രസ് നേതാവ്.
കോണ്‍ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് പത്മജ ഉന്നയിച്ചത്. കോണ്‍ഗ്രസില്‍ പുരുഷാധിപത്യം. വനിതകളെ മുന്നേറാന്‍ പാര്‍ട്ടി അനുവദിക്കില്ല. സ്ത്രീകളെ അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണിത്. കെ കരുണാകരന്റെ മകളായതുകൊണ്ടുമാത്രമാണ് പാര്‍ട്ടി പരിപാടികളില്‍ രണ്ടാം നിരയുടെ മൂലയ്ക്ക് ഇരിക്കാന്‍ തന്നെ അനുവദിച്ചിരുന്നതെന്നും പത്മജ വേണുഗോപാല്‍.
‘എന്റെ കുടുംബം ഭാരതം’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് തന്നെ ആകര്‍ഷിച്ചു. അന്നതോടെയാണ് അദ്ദേഹത്തിന്റെ കുടുംബത്തിലെ അംഗമാകാന്‍ തീരുമാനിച്ചതെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു.