കഞ്ചാവ് പിരിവിനായി വിദ്യാർത്ഥികൾ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയതായി പൊലീസ് കണ്ടെത്തി. വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങിയ വിവരം അറിഞ്ഞ പൊലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ച് ഗ്രൂപ്പിലേയ്ക്ക് നുഴഞ്ഞുകയറിയാണ് വിവരങ്ങൾ ചോർത്തിയത്. ചാറ്റുകൾ ചോർത്തിയതിലൂടെ എപ്പോൾ ഏത് മുറിയിൽ കഞ്ചാവ് എത്തും എന്നതുവരെയുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.ചില്ലറ വിൽപനയാണ് വാട്‌സാപ്പ് ഗ്രൂപ്പിലൂടെ നടത്തിയിരുന്നത്. അഞ്ചുഗ്രാമിന്റെ ഒരു പൊതിക്ക് 500 രൂപയാണ് വിലയിട്ടത്. കഞ്ചാവുപൊതി എങ്ങനെയെത്തുന്നു എന്ന വിവരം ലഭിക്കാത്തതിനാൽ പൊലീസ് കാത്തിരുന്നു. ഇതിനിടെ ജി11 മുറിയിൽ കഞ്ചാവ് എത്തിയെന്നുള്ള വിവരം വ്യാഴാഴ്‌ചയോടെ വാട്‌സാപ്പ് ഗ്രൂപ്പിൽ എത്തി. മുറിയിലെ താമസക്കാരനായ എം ആകാശാണ് രണ്ടുകിലോയോളം വരുന്ന പൊതി സൂക്ഷിക്കുന്നതെന്നും ചില്ലറ വിൽപന നടത്തുന്നതെന്നും വാട്‌‌സാപ്പ് ഗ്രൂപ്പിൽ നിന്ന് പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ഈ വിവരങ്ങളടക്കം സ്‌പെഷ്യൽ ബ്രാഞ്ച് സംഘം പൊലീസിന്റെ ഡാൻസാഫ് സംഘത്തിന് കൈമാറി. പ്രിൻസിപ്പാളിന്റെ രേഖാമൂലമുള്ള അനുമതിയോടെയാണ് ഡാൻസാഫ് സംഘം ക്യാമ്പസിനുള്ളിൽ കടന്നത്. റെയ്‌ഡിന്റെ മുഴുവൻ നടപടിക്രമങ്ങളും വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു.കോളേജ് ഹോസ്റ്റലിൽ നിന്നും രണ്ട് കിലോയിലേറെ കഞ്ചാവ് ശേഖരമാണ് ഇന്നലെ പിടിച്ചെടുത്തത്. രണ്ട് എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഹോളി ആഘോഷിക്കാൻ വൻതോതിൽ ലഹരിവസ്തുക്കൾ എത്തിയിട്ടുണ്ടെന്ന് ഡിസിപി അശ്വതി ജിജിക്ക് ലഭിച്ചവിവരത്തെ തുടർന്നായിരുന്നു പരിശോധന. വ്യാഴാഴ്ച രാത്രി ഒമ്പതോടെ തുടങ്ങി ഇന്നലെ പുലർച്ചെ നാലുവരെ നീളുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *