സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയിലെ ജനതയ്ക്ക് സഹായഹസ്തവുമായി തമിഴ്‌നാട്. എണ്‍പത് കോടി രൂപ വില വരുന്ന അരിയും മറ്റ് അവശ്യവസ്തുക്കളുമാണ് ദ്വീപ് ജനതയ്ക്കായി അയക്കാന്‍ തമിഴ്‌നാട്ടില്‍ നിന്ന് സംഭരിച്ചത്.
നാല്‍പ്പതിനായിരം ടണ്‍ അരി, 500 ടണ്‍ പാല്‍പ്പൊടി, 30 ടണ്‍ ജീവന്‍ രക്ഷാ മരുന്നുകള്‍, പയറുവര്‍ഗ്ഗങ്ങള്‍ മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവയാണ് അയക്കുന്നത്. ഇവ ചെറിയ കിറ്റുകളിലാക്കുന്ന ജോലി ഇപ്പോള്‍ പുരോഗമിക്കുകയാണ്. ശ്രീലങ്കയ്ക്കായി തയ്യാറാകുന്ന കിറ്റില്‍ തമിഴില്‍ എഴുതിയിരിക്കുന്ന വാചകം ഇതാണ്. ‘തമിഴ്‌നാട് മക്കളിടം ഇരുന്ത് അന്‍പുടന്‍..’ തമിഴ്‌നാട് ജനതയില്‍ നിന്ന് സ്‌നേഹത്തോടെ എന്നര്‍ത്ഥം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മുദ്രകളും കിറ്റിലുണ്ട്. പ്രതിപക്ഷ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് രാഷ്ട്രീയഛായ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
കടത്തുകൂലി ഉള്‍പ്പെടെ 134 കോടി രൂപ പദ്ധതിക്ക് ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ദുരിതം അനുഭവിക്കുന്ന സിംഹളര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സഹായം നല്‍കാനാണ് തീരുമാനം. ശ്രീലങ്കയിലെ ഇന്ത്യന്‍ എംബസി വഴിയാകും ഇവ വിതരണം ചെയ്യുക.
യുദ്ധകാലത്തേതിന് സമാനമായ ഈ അടിയന്തര സാഹചര്യം പരിഗണിച്ചാണ് ശ്രീലങ്കയിലേക്ക്ക്ക് ഭക്ഷണവും മരുന്നും കയറ്റി അയക്കാന്‍ തമിഴ്‌നാട് കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയത്. കഴിഞ്ഞ മാസം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഇക്കാര്യം ഉന്നയിച്ചു. തമിഴ്‌നാട് നിയമസഭയില്‍ ഇത് സംബന്ധിച്ച പ്രമേയം ഏകകണ്ഠമായി പാസാക്കുകയും ചെയ്തിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി കിട്ടിയതോടെയാണ് സഹായമെത്തിക്കാനുള്ള നടപടികള്‍ അതിവേഗം തുടങ്ങിയത്.