കോവിഡ് രണ്ടാം തരംഗം ആരംഭിച്ച ശേഷം ആദ്യമായി രാജ്യത്തെ പ്രതിദിന കണക്കെടുപ്പില്‍ 24 മണിക്കൂറിനിടെ ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യാതെ ധാരാവി .
മുംബയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ ഇതുവരെ 6,861 പേര്‍ക്കാണ് കോവിഡ് ബാധിച്ചതെന്ന് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ കണക്കുകള്‍ പറയുന്നു. ഇതില്‍ 2900 കേസുകള്‍ കോവിഡ് രണ്ടാം തരംഗത്തിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
മാര്‍ച്ചില്‍ ധാരാവിയില്‍ പ്രതിദിനം 50 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഈ സമയത്താണ് 250 കിടക്കകളുള്ള ക്വാറിന്റീന്‍ കേന്ദ്രം ഇവിടെ സ്ഥാപിച്ചത്. മാര്‍ച്ച് 22ന് വാക്‌സിന്‍ കേന്ദ്രവും സ്ഥാപിച്ചിരുന്നു.
കോവിഡ് രണ്ടാംതരംഗം മുംബൈയിൽ രൂക്ഷമാകുന്നത് ഫെബ്രുവരി മുതലാണ്. ഫെബ്രുവരി പകുതിയോടെ ധാരാവിയിലും കേസുകൾ ഉയർന്നു. ക്രമേണ കേസുകൾ ഉയരുകയും ഏപ്രിൽ എട്ടിന് പ്രതിദിന കേസുകൾ 99 ൽ എത്തുകയും ചെയ്തതോടെ ലോകാരോഗ്യസംഘടന പോലും അഭിനന്ദിച്ച ‘ധാരാവി മോഡൽ’ വീണ്ടും നടപ്പാക്കാൻ മുനിസിപ്പൽ അധികൃതർ തീരുമാനിക്കുകയായിരുന്നു. ട്രേസിങ്, ട്രാക്കിങ്, ടെസ്റ്റിങ്, ട്രീറ്റിങ് ചേർന്നതാണ് ധാരാവി മോഡൽ.
