ഛത്തീസ്ഗഡില്‍ കുഴല്‍ക്കിണറില്‍ വീണ 12കാരനെ 104 മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ രക്ഷിച്ചു. ജാഞ്ച്ഗീര്‍ ചാമ്പ ജില്ലയിലെ പിഹ്റിദ് സ്വദേശി രാഹുല്‍ സാഹുവിനെയാണ് ചൊവ്വാഴ്ച രാത്രി സുരക്ഷിതമായി പുറത്തെത്തിച്ചത്. രാഹുലിനെ ബിലാസ്പുരിലുള്ള അപ്പോളോ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രാഹുലിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് കുട്ടിയെന്നും ഛത്തീസ്ഗഡ് സര്‍ക്കാര്‍ അറിയിച്ചു.

ജൂണ്‍ 10ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഉപയോഗിക്കാത്ത 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് കുട്ടി വീഴുകയായിരുന്നു. വൈകിട്ട് നാലോടെയാണ് വിവരം വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് അഞ്ച് മണിയോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.ഇന്ത്യന്‍ ആര്‍മി, ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), ജില്ല ഭരണകൂടം എന്നീ സംവിധാനങ്ങള്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 500ലധികം പേരടങ്ങുന്ന സംഘം ആധുനിക ഉപകരണങ്ങളും വാഹനങ്ങളും ഇതിനായി ഉപയോഗിച്ചു.

ഗുജറാത്തില്‍ നിന്നുള്ള റോബോട്ട് വിദഗ്ധരെ വരെ സ്ഥലത്തെത്തിച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കിയിരുന്നു. കുട്ടിയുടെ ശ്വാസം ഉറപ്പാക്കാന്‍ പൈപ്പിലൂടെ ഓക്‌സിജന്‍ എത്തിച്ചിരുന്നു. പഴങ്ങളും ജ്യൂസും ഇടവേളകളില്‍ നല്‍കുന്നു. കുട്ടികള്‍ കിണറില്‍ വീണുള്ള അപകടങ്ങളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ രക്ഷാപ്രവര്‍ത്തനമാണിത്.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപേഷ് ബാഗേലിന്റെ മേല്‍നോട്ടത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടന്നത്. എല്ലാവരുടെയും പ്രാര്‍ഥനയുടേയും രക്ഷാപ്രവര്‍ത്തകരുടെ പരിശ്രമത്തിന്റെയും ഫലമായി രാഹുല്‍ സാഹുവിനെ സുരക്ഷിതമായി പുറത്തെത്തിച്ചെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *