കുവൈത്ത് സിറ്റി/തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തില്‍ ചികില്‍സയില്‍ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തുവെന്ന പുതിയ വിവരം.

പരിക്കേറ്റ് ചികിത്സയിലുള്ള 14 മലയാളികളില്‍ 13 പേരും നിലവില്‍ വാര്‍ഡുകളിലാണ് ചികിത്സയിലുള്ളത്. ഇവര്‍ ആരുടെയും നില ഗുരുതരമല്ല. ഒരാള്‍ മാത്രമാണ് ഐസിയുവില്‍ തുടരുന്നത്. അല്‍ അദാന്‍, മുബാറക് അല്‍ കബീര്‍, അല്‍ ജാബര്‍, ജഹ്‌റ ഹോസ്പിറ്റല്‍, ഫര്‍വാനിയ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് ചികിത്സയില്‍ കഴിയുന്നത്. മൊത്തം 31 ഇന്ത്യക്കാരാണ് ചികിത്സയിലുള്ളത്.

ഇതിനിടെ, കുവൈത്ത് ദുരന്തത്തില്‍ മരിച്ച മലയാളികളില്‍ നാലുപേരുടെ സംസ്‌കാരം ഇന്ന് നടക്കും. ഇന്നലെ 12 പേര്‍ക്കാണ് ജന്മനാട് വിട നല്‍കിയത്. കുവൈത്ത് ദുരന്തത്തില്‍ മരിച്ച കൊല്ലം പുനലൂര്‍ സ്വദേശി സാജന്‍ ജോര്‍ജിന്റെയും വിളച്ചിക്കാല സ്വദേശി ലൂക്കോസിന്റെയും സംസ്‌കാരം ഇന്ന് നടക്കും. സാജന്റെ സംസ്‌കാരം നരിക്കല്‍ മാര്‍ത്തോമാ ചര്‍ച്ച് സെമിത്തേരിയിലും ലൂക്കോസിന്റെ സംസ്‌കാരം വിളച്ചിക്കാല ഐപിസി സെമിത്തേരിയിലുമാണ്.

മൃതദേഹങ്ങള്‍ ഇന്നലെ നാട്ടില്‍ എത്തിച്ചെങ്കിലും വിദേശത്തുള്ള ബന്ധുക്കള്‍ എത്താനുള്ളതിനാല്‍ ചടങ്ങുകള്‍ ഇന്നത്തേക്ക് തീരുമാനിക്കുകയായിരുന്നു.മൃതദേഹങ്ങള്‍ നിലവില്‍ മോര്‍ച്ചറിയിലാണ്. പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരന്റെയും കണ്ണൂര്‍ കുറുവ സ്വദേശി അനീഷ് കുമാറിന്റെയും സംസ്‌കാരവും ഇന്ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *