രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 27,176 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 284 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3.51 ലക്ഷമായി കുറഞ്ഞു.

കേരളത്തിൽ ഇന്നലെ 15,876 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിനമാണ് 20,000ൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.ഇന്നലെ രാജ്യത്ത് 16,10,829 പരിശോധനകളാണ് നടത്തിയത്. 1.69 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.

അതേസമയം, ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അംഗീകാരം ഈ മാസം ലഭിച്ചേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കോവിഷീല്‍ഡിനും സ്പുട്നിക്കിനുമൊപ്പം ഇന്ത്യന്‍ ഡ്രഗ് റെഗുലേറ്ററില്‍ നിന്ന് അടിയന്തര ഉപയോഗാനുമതി ലഭിച്ച ആറ് വാക്സിനുകളില്‍ ഒന്നാണ് കോവാക്സിന്‍.

ഡബ്ല്യുഎച്ച്ഓയുടെ അംഗീകാരം ലഭിക്കുന്നതിനായുള്ള രേഖകള്‍ എല്ലാം ഭാരത് ബയോടെക് സമര്‍പ്പിച്ചതായി കേന്ദ്രം രാജ്യസഭയെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *