ന്യൂഡൽഹി: ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ ബിജെപിയെ അധികാരത്തിൽ നിന്നും തീർച്ചയായും മാറ്റിനിർത്തണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അതിനുള്ള ശ്രമങ്ങൾ ആവുവോളം തുടരുകയാണെന്നും യെച്ചൂരി പറഞ്ഞു. ഈ കാലഘട്ടത്തിലെ പ്രധാന ലക്ഷ്യത്തിലൊന്ന് രാജ്യത്തെ സംരക്ഷിക്കുക എന്നത് തന്നെയാണ്. അതിനാൽ ഇന്ത്യയെ മോദി സർക്കാരിൽ നിന്നും രക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരേയും ഒന്നിപ്പിക്കണമെന്നും സിപിഐഎം ജനറൽ സെക്രട്ടറി പറഞ്ഞു.
ഒപ്പം കോൺഗ്രസ് പ്രതിപക്ഷ പാർട്ടികൾക്ക് ഒരു ബാധ്യതയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. വിലക്കയറ്റത്തിനും വർഗീയതയ്ക്കും എതിരെയാണ് ഭാരത് ജോഡോ ജാഥയെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. ബിജെപി ഭിന്നിപ്പിച്ച ഇന്ത്യൻ ജനതയെ യോജിപ്പിക്കുകയാണ് ജാഥയുടെ ലക്ഷ്യമത്രെ. എന്നാൽ, ബിജെപി ഭരിക്കുന്ന ഗുജറാത്തു പോലുള്ള സംസ്ഥാനങ്ങളെ പൂർണമായും ജാഥാ റൂട്ടിൽനിന്ന് ഒഴിവാക്കിയിട്ടുള്ള പരിപാടിയുടെ ഈ ലക്ഷ്യത്തിലേക്ക് എങ്ങനെ എത്തുമെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചോദ്യം. ജാഥ നടത്താനും തങ്ങളുടെ രാഷ്ട്രീയം പ്രചരിപ്പിക്കാനുമുള്ള കോൺഗ്രസിന്റെ എല്ലാ അവകാശങ്ങളും അംഗീകരിക്കുന്നു. സംഘപരിവാറിന്റെ ഹിന്ദുത്വ കോർപറേറ്റ് അമിതാധികാര പ്രവണതകളെ ശക്തമായി എതിർക്കുകയാണ് സിപിഐഎം എന്ന് എല്ലാവർക്കും അറിയാമെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.