ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രാജി പി ആർ സ്റ്റണ്ടിന്റെ ഭാഗമാണെന്നും തിരശ്ശീലയ്ക്ക് പിന്നിൽനിന്ന് ഭരണം നടത്താനുള്ള ശ്രമമാണെന്നും . ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി എഎൻഐയോട് പറഞ്ഞു. ഡൽഹി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി പരാജയപ്പെടുമെന്ന് മനസിലാക്കിയാണ് ഇപ്പോഴത്തെ പ്രഖ്യപനമെന്നും അദ്ദേഹം വിമർശിച്ചു.
‘ഇത് അരവിന്ദ് കെജ്രിവാളിൻ്റെ പിആർ സ്റ്റണ്ടാണ്. ഡൽഹിയിലെ ജനങ്ങൾക്കിടയിൽ താൻ സത്യസന്ധനായ നേതാവല്ലെന്നും അഴിമതിക്കാരനായ നേതാവാണെന്നും കെജ്രിവാൾ മനസ്സിലാക്കി. ആം ആദ്മി പാർട്ടി അഴിമതി നിറഞ്ഞ പാർട്ടിയായി രാജ്യമെമ്പാടും അറിയപ്പെടും. പിആർ സ്റ്റണ്ടിലൂടെ പ്രതിച്ഛായ വീണ്ടെടുക്കാനാണ് കെജ്രിവാൾ ആഗ്രഹിക്കുന്നത്. മൻമോഹൻ സിങ്ങിനെ ഡമ്മി പ്രധാനമന്ത്രിയാക്കി തിരശ്ശീലയ്ക്ക് പിന്നിൽനിന്ന് ഭരണംനടത്തിയ സോണിയ ഗാന്ധിയുടെ മോഡൽ പ്രയോഗിക്കാനാണ് ഉദ്ദേശ്യം, ഭണ്ഡാരി പറഞ്ഞു.
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച അരവിന്ദ് കെജ്രിവാള് മാസങ്ങള്‍ നീണ്ട ജയില്‍വാസത്തിനുശേഷം കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. തുടർന്നാണ് താൻ രണ്ടുദിവസത്തിനകം മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.
ജനങ്ങള്‍ അവരുടെ വിധി പ്രഖ്യാപിക്കുംവരെ താൻ ആ കസേരയില്‍ ഇരിക്കില്ലെന്ന് കെജ്രിവാൾ പ്രഖ്യാപിച്ചിരുന്നു. തനിക്ക് കോടതിയില്‍നിന്ന് നീതി ലഭിച്ചു. ഇനി ജനങ്ങളുടെ കോടതിയിൽനിന്നും എനിക്ക് നീതിലഭിക്കും. ജനങ്ങളുടെ വിധിപ്രഖ്യാപനം ഉണ്ടായതിനു ശേഷം മാത്രമേ ഞാന്‍ ഇനി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കൂ, കെജ്രിവാള് പറഞ്ഞു. ഹരിയാനയിലും ഡൽഹിയിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് കെജ്രിവാളിന്റെ ഇപ്പോഴത്തെ നീക്കമെന്നാണ് സൂചന.