പട്ന: പാർട്ടി അനുവദിച്ചാൽ രാഘോപൂർ നിയസഭ മണ്ഡലത്തിൽ തേജസ്വി യാദവിന് എതിരാളിയാവാനാണ് ആഗ്രഹമെന്ന് പ്രഖ്യാപിച്ച ജൻ സുരാജ് അഭിയാൻ പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ തെരഞ്ഞെടുപ്പ് അടുത്തതോടെ നിലപാട് മാറ്റി. തെരഞ്ഞെടുപ്പിൽ മത്സരിക്കാനേ ഇല്ലെന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന നിലപാട് പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചത്.
രഘോപൂർ നിയമസഭ മണ്ഡലത്തിൽ ചഞ്ചൽ സിങാണ് ജൻ സുരാജ് അഭിയാൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. 65 മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട പട്ടിക പ്രഖ്യാപിച്ചതിലാണ് രാഘോപൂരും ഇടം പിടിച്ചത്. അതിനിടെ, ആർജെഡി നേതാവ് തേജസ്വിയാദവ് നാമനിർദേശ പത്രിക സമർപ്പിച്ചു. ബുധനാഴ്ചയാണ് തേജസ്വി നാമനിർദേശ പത്രിക സമർപ്പിച്ചത്.
‘താൻ മത്സരിക്കേണ്ടതില്ല എന്നാണ് പാർട്ടി തീരുമാനം. രാഘോപൂർ മണ്ഡലത്തിൽ മറ്റൊരു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഞാൻ മത്സരിച്ചാൽ മറ്റ് സംഘടനാപരമായ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയില്ല.അതുകൊണ്ടാണ് ഇങ്ങനൊരു തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ‘150 സീറ്റിൽ കുറവാണ് ജന സുരാജ് അഭിയാൻ പാർട്ടിക്ക് ലഭിക്കുന്നതെങ്കിൽ അത് എന്നെ സംബന്ധിച്ച് പരാജയമാണ്. നന്നായി പ്രവർത്തിച്ചാൽ രാജ്യത്തെ മികച്ച 10 സംസ്ഥാനങ്ങളിൽ ഒന്നാക്കി ബിഹാറിനെ മാറ്റാൻ സാധിക്കു’മെന്നും അദ്ദേഹം പറയുന്നു. നിതീഷ് കുമാറിന് മുഖ്യമന്ത്രിയായി തിരിച്ചെത്താൻ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് വിദഗ്ധനായും സഹപ്രവർത്തകനായും നിതീഷ് കുമാറിനൊപ്പം പ്രവർത്തിച്ച പ്രശാന്ത് കിഷോർ ഉറപ്പിച്ച് പറയുന്നു’.
