എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മന്ത്രി പി രാജീവ്
കോഴിക്കോട് ബാലുശ്ശേരിയില്‍ വമ്പന്‍ പദ്ധതികള്‍ക്കായി 870 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി യൂണിബൗണ്ട് കാറ്റലിസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്. പദ്ധതികളുടെ വിശദമായ റിപ്പോര്‍ട്ടും ഏകജാലക അനുമതിക്കുള്ള അപേക്ഷയും സര്‍ക്കാരിന് സമര്‍പ്പിച്ചതായി മന്ത്രി പി രാജീവ്.
അമ്യൂസ്മെന്റ് പാര്‍ക്ക്, ദേശീയ സര്‍വ്വകലാശാലകളുടെ സ്പോര്‍ട്ട്സ് ഇന്റഗ്രേറ്റഡ് വിദ്യാഭ്യാസ പാര്‍ക്ക്, വെല്‍നസ് ഹബ്ബ് എന്നിവ ഉള്‍പ്പെടുന്ന പദ്ധതിയാണ് ബാലുശ്ശേരി കോട്ടൂര്‍ വില്ലേജിലെ 96 ഏക്കറിലായി വിഭാവനം ചെയ്യുന്നത്. പദ്ധതിക്കാവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ 870 കോടി രൂപയുടെ നിക്ഷേപത്തിന് യൂണിബൗണ്ട് കാറ്റലിസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് നടപടികളാരംഭിച്ചിരിക്കുകയാണ്. ടൂറിസം, വിദ്യാഭ്യാസ മേഖലകളിൽ വ്യത്യസ്ത പദ്ധതികളിലായി 870 കോടി രൂപ നിക്ഷേപിക്കുന്ന ബൃഹദ് പദ്ധതിയുടെ വിശദറിപ്പോർട്ടും ഏകജാലക അനുമതിക്കുള്ള അപേക്ഷയും സർക്കാരിന് സമർപ്പിച്ചുകഴിഞ്ഞു. പദ്ധതിക്കാവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. അമ്യൂസ്മെൻ്റ് പാർക്ക്, ദേശീയ സർവ്വകലാശാലകളുടെ സ്പോർട്ട്സ് ഇൻ്റഗ്രേറ്റഡ് വിദ്യാഭ്യാസ പാർക്ക്, വെൽനസ് ഹബ്ബ് എന്നിവ ഉൾപ്പെടുന്ന പദ്ധതിയാണ് ബാലുശ്ശേരി കോട്ടൂർ വില്ലേജിലെ 96 ഏക്കറിലായി വിഭാവനം ചെയ്യുന്നത്. ടൂറിസം, വിദ്യാഭ്യാസം, വെൽനസ് മേഖലകളിലായി വിവിധ സ്ഥാപനങ്ങൾ പദ്ധതിയിലൂടെ യാഥാർത്യമാകും. 2000 തൊഴിലവസരങ്ങൾ പ്രത്യക്ഷമായും അതിലധികം തൊഴിലുകൾ പരോക്ഷമായും ഇതിലൂടെ സൃഷ്ടിക്കപ്പെടും. സംസ്ഥാന സർക്കാരിൻ്റെ ഇ.എസ്.ജി നയത്തിൻ്റെ അടിസ്ഥാനത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
