ക്യാമ്പ് അസിസ്റ്റന്റ് നിയമനം
മണിയൂര്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്ങിൽ കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്സിറ്റി (KTU) ആരംഭിക്കുന്ന പരീക്ഷ മൂല്യനിര്‍ണയ ക്യാമ്പ് ഓഫീസിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ബിരുദ/ ഡിപ്ലോമ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 18 ന് രാവിലെ 10 മണിക്ക് മണിയൂര്‍ കുറുന്തോടിയിലുള്ള കോളേജ് ഓഫീസില്‍ ഹാജരാവണം. ഫോണ്‍: 0496-2536125, 9495368910.
കുട്ടികളിലെ വാക്സിനേഷന്‍; ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
ശിശുദിനത്തോടനുബന്ധിച്ചു കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ചില്‍ ഡിടിപിസിയുടെ ആഭിമുഖ്യത്തില്‍ ബീച്ച് സന്ദര്‍ശകര്‍ക്കായി ‘കാപ്പാട് കെയേഴ്സ്’ എന്ന പേരില്‍ കുട്ടികളിലെ വാക്സിനേഷനെക്കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. തിരുവങ്ങൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റീജയും യൂണിയന്‍ പ്രൈമറി ഹെല്‍ത്ത് നേഴ്‌സ് സോജയും വാക്സിനേഷന്‍ ബോധൽക്കരണ ക്ലാസ്സ് നല്‍കി. ശിശുദിനത്തില്‍ ബീച്ചിലെത്തുന്ന കുത്തിവെപ്പ് എടുത്ത കുട്ടികള്‍ക്ക് ഡിടിപിസിയുടെ ഉപഹാരവും കൈമാറി.
ഡിടിപിസി ഡെസ്റ്റിനേഷന്‍ മാനേജര്‍ അശ്വിന്‍, ബീച്ച് മാനേജര്‍ ഗിരീഷ് ബാബു, സൂപ്പര്‍വൈസര്‍ നിതിന്‍ലാല്‍, നഴ്‌സിംഗ് അറ്റന്റന്റ് ഓമന, ഡിടിപിസി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
ന്യൂനപക്ഷ കമ്മീഷന്‍ ‘സമന്വയം’ പദ്ധതി അവലോകന യോഗം ഇന്ന്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെയും കേരള നോളജ് ഇക്കോണമി മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘സമന്വയം’ (ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് ഒരു ലക്ഷം തൊഴിലവസരങ്ങള്‍) പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട അവലോകന യോഗം ഇന്ന് (നവംബര്‍ 16) രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കമ്മീഷന്‍ അംഗം പി റോസയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കേരള നോളജ് ഇക്കോണമി മിഷന്‍ പ്രതിനിധികളും, ജില്ലയിലെ വിവിധ ന്യൂനപക്ഷ സംഘടന പ്രതിനിധികളും പങ്കെടുക്കും.
ഹയര്‍സെക്കന്ററി വിദ്യാഭ്യാസ യോഗ്യതയുള്ള (ഐടിഐ, പോളിടെക്‌നിക്ക് ഉള്‍പ്പെടെ) 18 -59 പ്രായമുള്ള ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് വൈജ്ഞാനിക/തൊഴില്‍ പരിചയവും നൈപുണ്യ പരിശീലനവും നല്‍കി യോഗ്യതകള്‍ക്കനുസൃതമായി സ്വകാര്യ മേഖലയില്‍/വിദേശ രാജ്യങ്ങളില്‍ തൊഴില്‍ ലഭ്യമാക്കുകയോ, ലഭ്യമാകുന്നതിനാവശ്യമായ തൊഴില്‍/ഭാഷ പരിശീലനം നല്‍കുകയോ ആണ് ‘സമന്വയം’ പദ്ധതിയുടെ ലക്ഷ്യം.
ക്വാളിറ്റി മോണിറ്റര്‍മാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് കീഴില്‍ ജില്ലാതല ക്വാളിറ്റി മോണിറ്റര്‍മാരുടെ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശസ്വയംഭരണം, ജലസേചനം, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകള്‍/ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും സിവില്‍/ അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയിറിംഗ് വിഭാഗത്തില്‍ അസി. എഞ്ചിനീയര്‍ തസ്തികയില്‍ കുറയാത്ത തസ്തികയില്‍ നിന്നും വിരമിച്ച, 65 വയസ്സില്‍ താഴെ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ സെല്‍, സി. ബ്ലോക്ക്, നാലാം നില, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-673020 എന്ന വിലാസത്തില്‍ തപാല്‍ വഴിയോ, നേരിട്ടോ സ്വന്തം തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ സഹിതം നവംബര്‍ 25 നകം ലഭ്യമാക്കണം.
അഭിമുഖം നടത്തിയായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ മാസത്തില്‍ കുറഞ്ഞത് 10 ദിവസവും പരമാവധി 15 ദിവസം വരെയും ജില്ലാ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ / ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം തൊഴിലുറപ്പ് പദ്ധതിയില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങളുടെ ഫീല്‍ഡ്തല പരിശോധന നടത്തി റിപ്പോര്‍ട്ട് ജില്ലാ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു ദിവസത്തെ സൈറ്റ് വിസിറ്റിംഗ്, യാത്ര ചെലവ് ഉള്‍ക്കട 1455 പ്രതിദിന വേതന നിരക്കില്‍ ഒരു മാസം പരമാവധി 21325 രൂപ വേതനം ലഭിക്കും. ഫോണ്‍: 0495-2377188.
റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം
2024-ലെ ‘തെളിമ’ പദ്ധതി നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ നടത്തുന്നു. പദ്ധതി പ്രകാരം റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം നല്‍കുന്നതിന് പുറമേ അനധികൃതമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നവരുടെ വിവരങ്ങള്‍ അറിയിക്കുന്നതിനും ഡിപ്പോകളിലെ ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, ലൈസന്‍സി/സെയില്‍സ്മാന്‍ എന്നിവരുടെ പെരുമാറ്റങ്ങളെ സംബന്ധിച്ചുള്ള ആക്ഷേപങ്ങളും, റേഷന്‍ ഡിപ്പോ നടത്തിപ്പിനെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതിയില്‍ ഉള്‍പ്പെടുത്താം. E- KYC നിരസിക്കപ്പെട്ടവരുടെ പേരുകള്‍ തിരുത്താനുള്ള അപേക്ഷകളും സ്വീകരിക്കും. അപേക്ഷകള്‍, നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍ റേഷന്‍ കടകളില്‍ സ്ഥാപിച്ചിട്ടുള്ള ഡ്രോപ്പ് ബോക്‌സ് സ്‌കൂളില്‍ നിക്ഷേപിക്കാം. എന്നാൽ, വീടിന്റെ വിസ്തീര്‍ണം, വാഹനങ്ങളുടെ വിവരം എന്നിവയില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച അപേക്ഷകള്‍ ഈ പദ്ധതി പ്രകാരം സ്വീകരിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495-2370655.
ക്വട്ടേഷൻ ക്ഷണിച്ചു
ബേപ്പൂര്‍ തുറമുഖത്തെ ഉപയോഗശൂന്യമായ 440 കിലോ പഴയ ഇരുമ്പ് കമ്പികള്‍ വില്‍പ്പന നടത്തുന്നതിനായി മത്സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷൻ അപേക്ഷ സ്വന്തം കടലാസില്‍ തയ്യാറാക്കി ‘ബേപ്പൂര്‍ തുറമുഖത്തെ ഉപയോഗശൂന്യമായ ഇരുമ്പ് കമ്പികള്‍ വില്‍പ്പന നടത്തുന്നതിനുള്ള ക്വട്ടേഷൻ’ എന്ന് ആലേഖനം ചെയ്ത് മുദ്ര വെച്ച് കവറില്‍ പോര്‍ട്ട് ഓഫീസര്‍, കോഴിക്കോട്, ബേപ്പൂര്‍ പോര്‍ട്ട്, കോഴിക്കോട്-673015 എന്ന വിലാസത്തില്‍ നവംബര്‍ 22 ന് ഒരു മണിക്കകം ലഭ്യമാക്കണം. അന്നേ ദിവസം വൈകീട്ട് മൂന്നിന് ദര്‍ഘാസുകള്‍ തുറക്കും. ഫോണ്‍: 0495-2414863, 2418610.