‘ഹാൽ’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഹൈക്കോടതിയുടെ ചില നിർദേശങ്ങൾ ചോദ്യം ചെയ്ത് അണിയറ പ്രവർത്തകർ ഇന്ന് പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യും. ധ്വജപ്രണാമം, ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, രാഖി രംഗങ്ങൾ എന്നിവ ഒഴിവാക്കാൻ കോടതി നിർദേശിച്ചിരുന്നു. ഈ നിർദേശങ്ങൾക്കെതിരെയാണ് അണിയറ പ്രവർത്തകർ ഹൈക്കോടതിയെ വീണ്ടും സമീപിക്കുന്നത്.

കേസ് വാദത്തിനിടെ അഭിഭാഷകന് പിഴവ് പറ്റിയതാണ് ഇത്തരം നിർദേശങ്ങൾക്ക് കാരണമായതെന്നും, ഈ കാര്യം കോടതിയെ ധരിപ്പിക്കുമെന്നും അവർ അറിയിച്ചു.’ഹാൽ’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ സെൻസർ ബോർഡിനെതിരെ ഹൈക്കോടതി നേരത്തെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.

വ്യത്യസ്ത മതവിഭാഗങ്ങളുടെ പ്രണയം ആവിഷ്കരിക്കുന്നതിനാൽ, അതിനെ ‘ലൗ ജിഹാദ്’ എന്ന് പറഞ്ഞ് ‘എ’ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സിനിമയുടെ പ്രമേയം ഭരണഘടനാപരമായ മൂല്യങ്ങളുമായി ചേർന്നു പോകുന്നതാണെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

സിനിമയുടെ പ്രമേയം പരസ്പര വിശ്വാസങ്ങളെ തെറ്റായി ചിത്രീകരിക്കുന്നതല്ലെന്നും അസഹിഷ്ണുതയുള്ളതായി ഇത്തരം ബന്ധങ്ങളെ ചിത്രീകരിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ‘ഹാൽ’ സിനിമ ലൗ ജിഹാദ് അല്ല, മതേതര ലോകത്തിൻ്റെ സന്ദേശം അവതരിപ്പിക്കാനാണ് സിനിമ ശ്രമിക്കുന്നത്. മതപരമായ നിയന്ത്രണങ്ങളെ മറികടക്കാൻ പ്രണയത്തിന് കഴിയുമെന്നും സിനിമ സംസാരിക്കുന്നുവെന്നും കോടതി കൂട്ടിച്ചേർത്തു. ഈ നിരീക്ഷണങ്ങളോടെ സിനിമയ്ക്ക് ‘എ’ സർട്ടിഫിക്കറ്റ് നൽകുമെന്ന സെൻസർ ബോർഡ് നടപടി കോടതി റദ്ദാക്കിയിരുന്നു.

എന്നാൽ, ഈ വിധി പ്രസ്താവത്തിൽ തന്നെ ‘ധ്വജപ്രണാമം’, ‘ഗണപതിവട്ടം’, ‘സംഘം കാവലുണ്ട്’ എന്നീ വാക്കുകൾ ഒഴിവാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അതോടൊപ്പം രാഖി ദൃശ്യം മറയ്ക്കണമെന്നും ബീഫ് ബിരിയാണി കഴിക്കുന്ന രംഗവും ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. സിനിമയ്ക്ക് ഏത് സർട്ടിഫിക്കറ്റ് നൽകണമെന്നത് സെൻസർ ബോർഡിൽ നിക്ഷിപ്തമാണ്. എന്നാൽ ഇഷ്ടാനുസരണം അത്തരം അധികാരം പ്രയോഗിക്കാൻ കഴിയില്ലെന്നും കോടതി ഓർമ്മിപ്പിച്ചു. ഈ ഒഴിവാക്കൽ നിർദേശങ്ങൾ ചോദ്യം ചെയ്താണ് അണിയറ പ്രവർത്തകർ ഇന്ന് പുനഃപരിശോധനാ ഹർജി നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *