നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിക്ക് പിന്നാലെയുണ്ടായ വാദപ്രതിവാദങ്ങൾക്കിടെ എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്ന് നടൻ ദിലീപ് പിന്മാറിയ സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്. അശോക് കുമാർ വിശദീകരണവുമായി രംഗത്തെത്തി. കൊച്ചിൻ ദേവസ്വം ബോർഡ് അല്ല, മറിച്ച് ക്ഷേത്ര ഉപദേശക സമിതിയാണ് ദിലീപിനെ ഉദ്ഘാടകനായി തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ദിലീപ് ഇന്നലെ രാത്രി വിളിച്ച് പരിപാടിയിൽ നിന്ന് പിന്മാറുന്നതായി അറിയിക്കുകയായിരുന്നു. നാളെ നടക്കേണ്ടിയിരുന്ന ഈ ചടങ്ങ് മറ്റന്നാൾ ക്ഷേത്രം തന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും എസ്. അശോക് കുമാർ വ്യക്തമാക്കി.
അതേസമയം ഡിസംബർ 12-ന് കോടതി വിധി വന്നതിനുശേഷം, ആക്രമിക്കപ്പെട്ട നടിയും മഞ്ജു വാര്യരും ഇന്നലെ വിധിയിൽ അതൃപ്തി പ്രകടിപ്പിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു. തനിക്ക് നീതി ലഭിച്ചില്ലെന്ന അതിജീവിതയുടെ പ്രതികരണം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
