നടിയെ ആക്രമിച്ച കേസിൽ അതിവേഗ അപ്പീൽ നീക്കവുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. വിചാരണക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിനുള്ള നടപടികൾ ഉടൻ തന്നെ ആരംഭിക്കും. അപ്പീൽ നടപടികൾക്കായി ശുപാർശ ചെയ്തുകൊണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. പ്രോസിക്യൂട്ടറുടെ അപേക്ഷ ലഭിച്ചാൽ ഉടൻ നിയമോപദേശം നൽകുമെന്ന് ഡി.ജി.പി. നേരത്തെ അറിയിച്ചിരുന്നു. അപ്പീൽ സാധ്യതകൾ പരിശോധിച്ച് എത്രയും പെട്ടെന്ന് ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാർ നീക്കം.
അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അതിജീവിതയുടെ സിനിമാ അവസരങ്ങൾ ഇല്ലാതാക്കാൻ നടൻ ദിലീപ് ശ്രമിച്ചു എന്ന ആരോപണത്തിന് കൃത്യമായ തെളിവുകളില്ലെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. മലയാള സിനിമയിൽ നിന്ന് നടിയെ ഒഴിവാക്കാൻ ദിലീപ് ശ്രമിച്ചെന്ന വാദം തെളിയിക്കാൻ കൃത്യമായ സാക്ഷിമൊഴികളോ വസ്തുതാപരമായ തെളിവുകളോ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. മാത്രമല്ല, ആക്രമിക്കപ്പെട്ടതിന് ശേഷവും വർഷം രണ്ടോ മൂന്നോ സിനിമകളിൽ താൻ അഭിനയിച്ചിരുന്നതായി നടി തന്നെ മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, അവസരങ്ങൾ നിഷേധിക്കപ്പെട്ടു എന്ന ആരോപണം വിശ്വാസയോഗ്യമല്ലെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കുന്നു.
