ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ കേസിലാണ് ഈ ഹർജി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നേരത്തെ തള്ളിയ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ടാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. വിശദമായ വാദം കേൾക്കുമെന്ന് കോടതി അറിയിച്ചെങ്കിലും, കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച്ച പരിഗണിക്കുമെന്ന് പറയുമ്പോഴും ക്രിസ്മസ് അവധിക്കായി കോടതി അടക്കുകയാണ്. ജനുവരി ആദ്യവാരത്തിലായിരിക്കും പിന്നീട് കോടതി തുറന്ന് പ്രവർത്തിക്കുക. അതേസമയം, കേസിൽ രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് തുടരും. ഇത് രാഹുലിന് താൽക്കാലിക ആശ്വാസമാണ്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ നൽകിയ അപ്പീലും ഹൈക്കോടതി മാറ്റിവെച്ചു. ക്രിസ്മസ് അവധിക്ക് ശേഷം കേസ് പരിഗണിക്കാമെന്നാണ് സിംഗിൾ ബെഞ്ച് അറിയിച്ചത്. ഈ വിഷയത്തിൽ മറുപടി നൽകാൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടത് പരിഗണിച്ചാണ് കോടതി നടപടി.
