തെഹ്‌റാന്‍: ഇറാഖിലെ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ കേന്ദ്രത്തിനുനേര്‍ക്ക് ഇറാന്റെ ആക്രമണം. വടക്കന്‍ ഇറാഖിലെ അര്‍ധ സ്വയംഭരണാധികാരമുള്ള കുര്‍ദിഷ് മേഖലയുടെ തലസ്ഥാനമായ ഇര്‍ബിലിലാണ് ആക്രമണം നടത്തിയത്. ഇറാന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി ഐആര്‍എന്‍എയാണ് ഇക്കാര്യം അറിയിച്ചത്.
രാത്രി വൈകി മേഖലയിലെ ഇറാന്‍ വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളുടെ ചാരവൃത്തി കേന്ദ്രങ്ങളും സങ്കേതങ്ങളും തകര്‍ക്കാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചു. ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ ഇര്‍ബിലിലെ ആസ്ഥാനത്തെയാണ് ലക്ഷ്യം വെച്ചതെന്ന് ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) അറിയിച്ചു.
ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാഖിലെ കുര്‍ദിസ്ഥാന്‍ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു.
ഇറാഖിന്റെ സുസ്ഥിരതയെ തകര്‍ക്കുന്ന ഇറാന്റെ വിവേചനരഹിതമായ മിസൈല്‍ ആക്രമണങ്ങളെ അപലപിക്കുന്നതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ പ്രസ്താവനയില്‍ പറഞ്ഞു.