വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിന് രംഗത്തെത്തിയ ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകനും മലയാളിയുമായ വിവേക് രാമസ്വാമി മത്സരരംഗത്ത് നിന്ന് പിന്മാറി. മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ താന്‍ പിന്തുണക്കുന്നതായി രാമസ്വാമി പ്രഖ്യാപിച്ചിട്ടുണ്ട്. അയോവ കോക്കസിലെ പ്രൈമറിയിലുണ്ടായ മോശം പ്രകടനം ആണ് പിന്‍മാറാനുള്ള കാരണം. 2024 ലെ റിപ്പബ്ലിക്കല്‍ തിരഞ്ഞെടുപ്പിലെ ആദ്യ പ്രൈമറിയായിരുന്നു അയോവ കോക്കസിലേത്. 7.7 ശതമാനം വോട്ടുകള്‍ മാത്രമാണ് വിവേക് രാമസ്വാമിക്ക് ലഭിച്ചത്.

പാലക്കാട് വേരുകളുള്ള വിവേക് സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനും കൂടിയാണ്. 37 കാരനായ രാമസ്വാമിയുടെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിവരാണ്. ഓഹിയോയിലെ ജനറല്‍ ഇലക്ട്രോണിക് പ്ലാന്റിലാണ് വിവേക് ജോലി ചെയ്തിരുന്നത്. 2014 ലാണ് റോവിയന്‍ സയന്‍സ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി വിവേക് രാമസ്വാമി ആരംഭിക്കുന്നത്. തുടര്‍ന്ന് 2020 ല്‍ ചാപ്റ്റര്‍ മെഡികെയറിന്റെ സഹസ്ഥാപകനുമായി വിവേക് രാമസ്വാമി മാറി. എന്നാല്‍ 2021 ല്‍ റോവന്റ് സയന്‍സിന്റെ സി.ഇ.ഒ സ്ഥാനത്ത് നിന്നും അദ്ദേഹം പടിയിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *