ഹൈദരാബാദ്: സിംഹത്തോടൊപ്പം സെല്‍ഫിയെടുക്കാനായി മൃഗശാലയിലെ കൂടിനടുത്തേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കിലാണ് സിംഹം യുവാവിനെ കടിച്ചുകൊന്നത്.

രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശിയായ പ്രഹ്ലാദ് ഗുജ്ജാര്‍ (38) ആണ് കൊല്ലപ്പെട്ടത്. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്തെത്തിയാണ് യുവാവ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. സെക്യൂരിറ്റിക്കാര്‍ പറഞ്ഞത് കേള്‍ക്കാതെ 25 അടിയിലധികം ഉയരമുള്ള മുള്‍വേലി ചാടിക്കടന്നാണ് ഇയാള്‍ സിംഹക്കൂട്ടില്‍ പ്രവേശിച്ചത്. ഇതോടെ സിംഹം ഇയാളെ ആക്രമിച്ചു.

പ്രാണരക്ഷാര്‍ഥം അടുത്തുള്ള മരത്തില്‍ കയറിയെങ്കിലും താഴേക്ക് വീഴുകയും സിംഹം അയാളെ കടിച്ചുകൊല്ലുകയുമായിരുന്നു. ഉടന്‍ തന്നെ അധികൃതര്‍ സ്ഥലത്തെത്തി സിംഹത്തെ കൂട്ടിലാക്കുകയും സന്ദര്‍ശകരെ പുറത്താക്കുകയും ചെയ്തു. സിംഹങ്ങള്‍ക്കും കടുവകള്‍ക്കും പ്രത്യേക സുരക്ഷാ കൂടാരങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും എന്നാല്‍ യുവാവ് എല്ലാ സുരക്ഷാ നടപടികളും മറികടന്നാണ് സിംഹത്തിന്റെ കൂട്ടിലേക്ക് കയറിയതെന്നും മൃഗശാല അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *