തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് രണ്ട് കോടി രൂപ വിലമതിക്കുന്ന ആനക്കൊമ്പുകൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. മോഷണം നടന്ന സ്ഥലത്തെ ചില്ലു ഫ്രെയിമിൽ നിന്ന് ലഭിച്ച വിരലടയാളങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി മെസ്സിൽ ജോലി ചെയ്യുന്ന 20 സൈനികരുടെ വിരലടയാളങ്ങൾ ശേഖരിച്ച് താരതമ്യ പരിശോധനയ്ക്ക് വിധേയമാക്കി.
അതീവ സുരക്ഷയുള്ള ക്യാമ്പിനുള്ളിൽ പുറത്തുനിന്നൊരാൾക്ക് കടന്നുകയറി മോഷണം നടത്തുക അസാധ്യമാണെന്ന് പോലീസ് കരുതുന്നു. ക്യാമ്പിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരുടെ സഹായം മോഷണത്തിന് പിന്നിലുണ്ടെന്നാണ് നിഗമനം. മെസ്സിലെ പാചകക്കാരനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
1929-ൽ സംസ്ഥാന സർക്കാർ സൈന്യത്തിന് കൈമാറിയ ആനക്കൊമ്പുകളാണ് നഷ്ടപ്പെട്ടത്. ഇവ ക്യാമ്പിന് പുറത്തേക്ക് കൊണ്ടുപോയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സൈനിക ക്യാമ്പിനുള്ളിൽ പോലീസിന് പരിശോധന നടത്തുന്നതിന് കൃത്യമായ പരിമിതികളുണ്ട്. സിറ്റി പോലീസ് കമ്മീഷണർക്ക് പോലും മുൻകൂട്ടി അനുമതി വാങ്ങിയേ ഉള്ളിൽ പ്രവേശിക്കാനാകൂ. ക്യാമ്പിനുള്ളിൽ സൈന്യം വ്യാപക പരിശോധന നടത്തിയെങ്കിലും കൊമ്പുകൾ കണ്ടെത്താനായില്ല.
