പരിപാടിയിൽ തന്റെ പാർട്ടി സഹപ്രവർത്തകരുടെ അഭാവത്തിൽ ഖേദിക്കുന്നുവെന്നും മണിശങ്കർ പറഞ്ഞു
തിരുവനന്തപുരത്ത് നടന്ന ‘വിഷൻ 2031’ അന്താരാഷ്ട്ര കോൺഫറൻസിന്റെ ഉദ്ഘാടന വേളയിൽ, മുഖ്യമന്ത്രി പിണറായി വിജയനെ സാക്ഷിയാക്കി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ നടത്തിയ പരാമർശം രാഷ്ട്രീയ ശ്രദ്ധ നേടുന്നു.
പിണറായി വിജയൻ വീണ്ടും കേരള മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം അവിശ്വസനീയമാണ് എന്ന് പ്രശംസിച്ചു. ഗാന്ധിയുടെ ദിശയിൽ പുരോഗതി നേടിയ ഏക സംസ്ഥാനം കേരളമാണ്. പഞ്ചായത്തിരാജിൽ കേരളം രണ്ടാം സ്ഥാനത്ത് ആണെങ്കിലും ഉടൻ ഒന്നാം സ്ഥാനത്ത് എത്തുമെന്ന് മണി ശങ്കർ പറഞ്ഞു. പ്രതിപക്ഷം പൂർണമായും വിഭജിക്കപ്പെട്ടു. കേരളം ഒന്നാം സ്ഥാനത്താണെങ്കിൽ ഗുജറാത്ത് ഇരുപതാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാർ അച്ചടക്കമുള്ളവരാണെന്നും മണി ശങ്കർ അയ്യർ പറഞ്ഞു. ഇൻഡ്യാ സഖ്യത്തിൽ കോൺഗ്രസും സിപിഐഎമ്മും സഖ്യത്തിലാണ്. കേരളത്തിൽ എതിർകക്ഷികളായി പോരാടുന്നത് എന്തുകൊണ്ടാണെന്നറിയില്ല. ഒരു മലയാളി ആയിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നും മണിശങ്കർ അയ്യർ പറഞ്ഞു.
കേരള സംസ്ഥാന രൂപീകരണത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന 2031-ഓടെ സംസ്ഥാനം കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങളെക്കുറിച്ചും നവകേരള നിർമ്മിതിയെക്കുറിച്ചും ചർച്ച ചെയ്യാനാണ് സമ്മേളനം സംഘടിപ്പിച്ചത്.
2031-ലെ കേരളത്തിന്റെ വികസന ഭൂപടം രചിക്കുന്നതിൽ ഈ സംഗമം നിർണ്ണായക പങ്കുവഹിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. 2031 എന്നത് കേവലം ഒരു വാർഷികാഘോഷം മാത്രമല്ലെന്നും, അത് കേരളത്തിന്റെ വൻതോതിലുള്ള വികസനത്തിലേക്കുള്ള വലിയൊരു കാഹളമായിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നവകേരളത്തിനായുള്ള ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള പ്രധാന വേദിയായാണ് ‘വിഷൻ 2031’ കോൺഫറൻസിനെ സർക്കാർ കാണുന്നത്.
