കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിന്‍റെ പേരിൽ സോഷ്യൽ മീഡിയയിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി ആലിന്‍റെ മുത്തച്ഛൻ. ഇത്രയും വിഷമകരമായ സാഹചര്യത്തിനിടയിലും സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ചിലർ തട്ടിപ്പിന് ശ്രമിക്കുകയാണ്. പണം ചോദിച്ചുകൊണ്ടുള്ള പോസ്റ്ററുകളും അക്കൗണ്ട് ഡീറ്റെയിൽസും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. ഞങ്ങൾ സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടില്ല, ഇത്തരം വ്യാജപ്രചരണം ഞങ്ങൾക്കെതിരെ തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബം ആരോടും പണം ചോദിച്ചിട്ടില്ല. അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തെ തുടർന്ന് കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സ്വമേധയാ തീരുമാനിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി സർക്കാർ എല്ലാവിധ സഹായങ്ങളും ചെയ്തു തന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അവയവങ്ങൾ മാറ്റിവെക്കുന്നതിന് പണം വേണമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടക്കുന്നത്. ഫെഡറൽ ബാങ്കിന്റെ ഒരു അക്കൗണ്ട് നമ്പർ ഉപയോഗിച്ചാണ് പണം ആവശ്യപ്പെടുന്നതെന്നാണ് വിവരം. എന്നാൽ സർക്കാർ ക്യൂ വഴി കൃത്യമായ സംവിധാനത്തിലൂടെയാണ് അവയവദാനം നടക്കുന്നത് എന്നും ഇതിൽ പണത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം തട്ടിപ്പ് പ്രചരണങ്ങളിൽ വീഴരുതെന്ന് മാധ്യമങ്ങൾ ജനങ്ങളെ അറിയിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
