ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് യുഎഇയിൽ കനത്ത ജാഗ്രത. ആക്രമണത്തിന് പിന്നാലെ വിമാനത്താവള പരിസരത്ത് തീപിടുത്തമുണ്ടായതായും സുരക്ഷ ഉറപ്പാക്കാനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

സുരക്ഷാ കാരണങ്ങളാൽ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി തടസ്സപ്പെട്ടെങ്കിലും, നിലവിൽ സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിച്ചതായി വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയവിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും ദുബായിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി. യാത്രക്കാർക്ക് ടിക്കറ്റുകൾ മറ്റൊരു ദിവസത്തേക്ക് മാറ്റാനോ തുക പൂർണ്ണമായും തിരികെ വാങ്ങി ടിക്കറ്റ് റദ്ദാക്കാനോ ഉള്ള സൗകര്യം ലഭ്യമാണെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

വിമാനത്താവളത്തിന് സമീപമുള്ള കസാബ്ലാങ്ക സ്ട്രീറ്റിലേക്കുള്ള ഗർഹൂദ് പാലം ദുബായ് പോലീസ് പൂർണ്ണമായും അടച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *