കോഴിക്കോട്: 2026 കേരള നിയമസഭാ പൊതുതിരഞ്ഞെടുപ്പിനായി കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമായതായി ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. സുരക്ഷിതവും കുറ്റമറ്റതുമായ തിരഞ്ഞെടുപ്പിനായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം പൂര്‍ണ്ണ സജ്ജമാണെന്നും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലയില്‍ 13 നിയമസഭ മണ്ഡലങ്ങളിലായി (വടകര മുതല്‍ തിരുവമ്പാടി വരെ) ആകെ 26,57,478 വോട്ടര്‍മാരാണുള്ളത്. സ്ത്രീ വോട്ടര്‍മാര്‍: 13,59,102, പുരുഷ വോട്ടര്‍മാര്‍: 12,98,343, ട്രാന്സ്ജന്ഡര്: 33, പ്രവാസി വോട്ടര്‍മാര്‍: 57,679, കന്നി വോട്ടര്‍മാര്‍ (18-19 വയസ്സ്): 56,127 എന്നിങ്ങനെയാണ് കണക്ക്. ജില്ലില്‍ ആകെ 2,837 വോട്ടെടുപ്പ് കേന്ദ്രങ്ങളാണുള്ളത്.
ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപയാണ്. 10,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകളും തിരഞ്ഞെടുപ്പിനായി പ്രത്യേകം ആരംഭിച്ച ബാങ്ക് അക്കൗണ്ട് വഴി മാത്രമായിരിക്കണം. ജില്ലയില്‍ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിചിട്ടുണ്ട്. ലൈസന്‍സുള്ള ആയുധങ്ങള്‍ നിശ്ചിത പോലീസ് സ്റ്റേഷനുകളില്‍ ഉടന്‍ ഹാജരാക്കേണ്ടതാണ്.
സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍, ഉദ്ഘാടനങ്ങള്‍, വോട്ടര്‍മാരെ സ്വാധീനിക്കുന്ന പരസ്യങ്ങള്‍ എന്നിവ പാടില്ല. ഇലക്ട്രോണിക് മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് മീഡിയ മോണിറ്ററിംഗ് ആന്‍ഡ് മീഡിയ സര്ട്ടിഫിക്കേഷന് (എം.സി.എം.സി) നിര്‍ബന്ധമാണ്. ഇതിനായി എം.സി.എം.സി ടീമും മീഡിയ സെല്ലും സജ്ജമാണ്.
മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും വോട്ടുചെയ്യാനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും. അര്‍ഹരായ വോട്ടര്‍മാര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 85 വയസ്സിന് മുകളിലുള്ളവര്‍, 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍ എന്നിവര്‍ക്ക് ‘ഫോം 12ഡി’ സമര്‍പ്പിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ചു ദിവസത്തിനുള്ളില്‍ ബി.എല്‍.ഒ മുഖേന അപേക്ഷ നല്‍കണം.
സ്ഥാനാര്‍ഥികളുടെ ചെലവുകള്‍ നിരീക്ഷിക്കുന്നതിനായും വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം പാരിതോഷികങ്ങള്‍ എന്നിവ കൊണ്ടു പോകുന്നത് തടയുന്നതിനായും ജില്ലയില്‍ വിവിധ സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഓരോ നിയോജക മണ്ഡലത്തിലും മൂന്നു ഫ്ളയിംഗ് സ്കാഡുകള്‍ എന്ന തോതില്‍ ജില്ലയില്‍ 39 ഫ്ളയിംഗ് സ്കാഡുകള്‍, 39 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും പ്രവര്‍ത്തനസജ്ജമാണ്. 26 വീഡിയോ സര്‍വൈലന്‍സ് ടീമും, 13 വീഡിയോ നിരീക്ഷണ ടീമും പ്രവര്‍ത്തിക്കും. പണം, മദ്യം, മയക്കുമരുന്ന് വിതരണം എന്നിവ തടയാന്‍ അതിര്‍ത്തികളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ സി വിജില്‍ ആപ്പ് ഉപയോഗിക്കാം. ഇതിലൂടെ ലഭിക്കുന്ന പരാതികളില്‍ 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കും. സംശയങ്ങള്‍ക്കായി 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.
ഇ വി എമ്മുകളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി. 3550 ബാലറ്റ് യൂണിറ്റും, 3550 കണ്ട്രോള് യൂണിറ്റും 3830 വിവിപാറ്റുകളും സജ്ജമാണ്.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, സബ് കളക്ടര്‍ എസ് ഗൗതം രാജ്, എഡിഎം സി മുഹമ്മദ് റഫീഖ്, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ പി മനോജന് എന്നിവര്‍ പങ്കെടുത്തു.
