വൻഭൂരിപക്ഷത്തോടെ കർണാടകയിൽ അധികാരത്തിലെത്തിയ കോൺഗ്രസ് മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു.
മുഖ്യമന്ത്രി കസേരയ്ക്കായി മുന്‍പന്തിയിലുള്ള മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ തിങ്കളാഴ്ച തന്നെ ഡല്‍ഹിയിലെത്തിയിരുന്നു. ഡി.കെ.ശിവകുമാര്‍ തിങ്കാളാഴ്ച ഡല്‍ഹി യാത്ര റദ്ദാക്കിയത് ഊഹാപോഹങ്ങള്‍ക്കിട്ടയാക്കിയിരുന്നു. എന്നാല്‍ പനിയും വയറിന് സുഖമില്ലാത്തതും കാരണമാണ് തിങ്കളാഴ്ചത്തെ യാത്ര റദ്ദാക്കിയതെന്ന് ഡി.കെ.ശിവകുമാര്‍ തന്നെ വിശദീകരിക്കുകയുണ്ടായി.

എംഎല്‍എമാരുടെ അഭിപ്രായങ്ങളടങ്ങിയ റിപ്പോര്‍ട്ട് തിങ്കളാഴ്ച രാത്രിയോടെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കർണാടകയിൽ പാർട്ടി നിയോഗിച്ച നിരീക്ഷക സംഘം സമർപ്പിച്ചു.

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഖാര്‍ഗെ യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി,മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് സിദ്ധരാമയ്യയേയും ഡി.കെ.ശിവകുമാറിനേയും വിളിച്ച് വരുത്തിയ ശേഷം കാര്യങ്ങള്‍ വിശദീകരിച്ച ശേഷമാകും അന്തിമ തീരുമാനം എടുക്കുക. ഇന്നു തന്നെ കര്‍ണാടക മുഖ്യമന്ത്രി ആരാകുമെന്ന് ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.

വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനം. സ്ഥാനങ്ങളെ ചൊല്ലി നേതാക്കള്‍ രമ്യതയില്‍ എത്താതിരുന്നാല്‍ സത്യപ്രതിജ്ഞ ശനിയാഴ്ചത്തേക്ക് നീട്ടിവെയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *