മുംബൈ: മുംബൈയില്‍ പരസ്യബോര്‍ഡ് മറിഞ്ഞു വീണ് മരിച്ചവരില്‍ ദമ്പതികളും. മുംബൈ എടിസി ഉദ്യോഗസ്ഥനായിരുന്ന മനോജ് ഛന്‍സോരിയ (60), ഭാര്യ അനിത (59) എന്നിവരുടെ മൃതദേഹമാണ് ബുധനാഴ്ച കണ്ടെത്തിയത്. പരസ്യബോര്‍ഡ് വീണ പമ്പിന് സമീപം കാറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.
ഇന്നലെ രാത്രി നടന്ന തെരച്ചിലിലാണ് ഛന്‍സോരിയയുടെയും അനിതയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബോര്‍ഡ് മറിഞ്ഞു വീണപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന നൂറോളം പേര്‍ക്കൊപ്പം ഇവരും അടിയില്‍ പെടുകയായിരുന്നു. മാര്‍ച്ചില്‍ മുംബൈ എടിസിയില്‍ നിന്ന് വിരമിച്ച ഛന്‍സോരിയ അനിതയ്ക്കൊപ്പം ജബല്‍പൂരിലേക്ക് താമസം മാറിയിരുന്നു. വിസ നടപടികള്‍ക്കായി മുംബൈയിലെത്തി തിരിച്ചുപോകും വഴിയാണ് അപകടം. പെട്രോള്‍ അടിയ്ക്കാനായി പമ്പില്‍ കയറിയതായിരുന്നു ഇവര്‍. ശക്തമായ പൊടിക്കാറ്റുണ്ടായതോടെ കുറച്ചു നേരം പമ്പില്‍ വണ്ടി നിര്‍ത്തിയിട്ടു. തുടര്‍ന്നാണ് കൂറ്റന്‍ ബോര്‍ഡ് പമ്പിന് മുകളിലേക്ക് പതിക്കുന്നത്.
ബോര്‍ഡിനടിയില്‍ കുടുങ്ങിയ എല്ലാവരെയും പുറത്തെത്തിക്കാനായി എന്നാണ് വിവരം.16 പേരാണ് ഇതുവരെ ഘാട്കോപ്പര്‍ ദുരന്തത്തില്‍ മരിച്ചത്. 41 പേര്‍ക്ക് സാരമായി പരിക്കേറ്റു. രക്ഷപെട്ടവരില്‍ 34 പേര് ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടിട്ടുണ്ട്.