ബംഗളൂരു: വിദ്യാര്‍ഥിനിയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ബംഗളൂരുവിലെ സ്വകാര്യ കോളജിലെ രണ്ട് അധ്യാപകരടക്കം മംഗളൂരു സ്വദേശികളായ മൂന്നുപേര്‍ അറസ്റ്റിലായി. ഫിസിക്‌സ് ലെക്ചററായ നരേന്ദ്ര, ബയോളജി ലെക്ചററായ സന്ദീപ്, ഇവരുടെ സുഹൃത്ത് അനൂപ് എന്നിവരാണ് അറസ്റ്റിലായത്. പലതവണ താന്‍ പീഡിപ്പിക്കപ്പെട്ടതായി പെണ്‍കുട്ടി സംസ്ഥാന വനിതാ കമീഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പീഡനത്തിന്റെ വിഡിയോ ദൃശ്യങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും കാണിച്ച് വിദ്യാര്‍ഥിനിയെ പ്രതികള്‍ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു.

പഠനാവശ്യത്തിനുള്ള നോട്ടുകള്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് നരേന്ദ്രയാണ് ആദ്യം വിദ്യാര്‍ഥിനിയെ ബംഗളൂരുവിലെ അനുവിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചത്. നരേന്ദ്ര പീഡിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി സന്ദീപും വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കി. വിദ്യാര്‍ഥിനി വീട്ടില്‍ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി അനൂപും പീഡിപ്പിച്ചു. ഒരു മാസം മുമ്പാണ് ഈ സംഭവങ്ങള്‍ നടന്നതെന്നാണ് വിവരം.

എന്നാല്‍, അടുത്തിടെ പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയും അവര്‍ കര്‍ണാടക വനിതാ കമീഷനില്‍ പരാതി നല്‍കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *