അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോൺഗ്രസ് സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതെന്ന് ചാണ്ടി ഉമ്മന്‍. അപ്പോഴും പാർട്ടി തീരുമാനം അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി തീരുമാനമെടുത്ത സാഹചര്യത്തിൽ അംഗീകരിക്കുകയാണ് ശരിയായ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്ന് യൂത്ത് കോൺഗ്രസ് ഔട്ട് സെൽ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയപ്പോൾ താൻ ഒന്നും പറഞ്ഞില്ല. പക്ഷേ തനിക്ക് പറയാനുള്ള ഒരു ദിവസം പറയും.
പിതാവിന്‍റെ ഓർമ്മ ദിവസമാണ് തന്നെ യൂത്ത് കോൺഗ്രസിന്‍റെ സ്ഥാനത്തുനിന്ന് നീക്കിയത്. അന്ന് തനിക്കും വളരെയധികം മാനസിക വിഷമം ഉണ്ടായിയെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ചോദ്യം പോലും ചോദിക്കാതെയാണ് തന്നെ ഒഴിവാക്കിയത്. ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ താൻ രാജിവെച്ച് ഒഴിയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
താഴെ തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച ഉയര്‍ന്ന് വന്നയാളാണ് അബിന്‍ വർക്കി. കൂടുതല്‍ പരിഗണിക്കപ്പെടേണ്ട വ്യക്തി ആണെന്നതില്‍ സംശയം ഇല്ല, അബിന്റെ അഭിപ്രായം കൂടെ തേടിയിട്ട് വേണമായിരുന്നു പാര്‍ട്ടി ഒരു തീരുമാനം എടുക്കേണ്ടിയിരുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പക്ഷേ അങ്ങനെ ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നിഷേധിക്കപ്പെട്ടപ്പോള്‍ വേദന ഉണ്ടാവുക സ്വാഭാവികമാണ്. പാർട്ടിയുടെ തീരുമാനങ്ങൾ ഇഷ്ടമാണെങ്കിലും ഇഷ്ടമല്ലെങ്കിലും അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി.
