ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തി ഭാവി വികസനത്തിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് പുതുപ്പാടി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. ഈങ്ങാപ്പുഴ പാരീഷ് ഹാളില്‍ നടന്ന പരിപാടി ലിന്റോ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഡെന്നി വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
ഹരിത കര്‍മസേന അംഗങ്ങളെ എംഎല്‍എ ആദരിച്ചു. ഗ്രാമപഞ്ചായത്തിലെ അതിദാരിദ്ര്യ പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ സ്ഥലം വിട്ടുനല്‍കിയ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കുള്ള ആദരവും ചടങ്ങില്‍ അറിയിച്ചു. സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ റിസോഴ്‌സ് പേഴ്‌സണ്‍ ജോസ് കുര്യാക്കോസും പഞ്ചായത്തിന്റെ വികസന റിപ്പോര്‍ട്ട് അസി. സെക്രട്ടറി പി എസ് അജിത്തും അവതരിപ്പിച്ചു.
പഞ്ചായത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവെച്ചു. ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ തയാറാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും കൃത്യമായി നടപ്പാക്കണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. ഉന്നതികളിലെ വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക രംഗത്ത് കൂടുതല്‍ വളരാനുള്ള പദ്ധതികള്‍ ഒരുക്കുക, ഭിന്നശേഷി-വയോജന സൗഹൃദ പഞ്ചായത്താക്കുക, ഗ്രാമപഞ്ചായത്ത് പരിധിയില്‍ കിടത്തി ചികിത്സാ കേന്ദ്രം ഒരുക്കുക, കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണിമൂല്യം ലഭിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുക, അടിവാരം കേന്ദ്രമായി കെ.എസ്.ആര്‍.ടി.സി ഡിപ്പോ അനുവദിക്കുക, പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഉയര്‍ന്നത്.
അതിദാരിദ്ര്യ നിര്‍മാര്‍ജനം, ഡിജി കേരളം എന്നിവ പഞ്ചായത്തില്‍ പൂര്‍ത്തിയായതായി ചടങ്ങില്‍ അറിയിച്ചു. വിവിധ സ്‌കീമുകളിലായി 2,117 പേര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നുണ്ട്. കൃഷി, മൃഗസംരക്ഷണം എന്നിവയിലും പഞ്ചായത്തില്‍ മികച്ച ഇടപെടല്‍ നടക്കുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ 4,17,307 തൊഴില്‍ ദിനങ്ങള്‍ നല്‍കാന്‍ സാധിച്ചു.
വാര്‍ഡ് മെമ്പര്‍മാരായ ഐ ബി റെജി, അജിത മനോജ്, ഉഷ വിനോദ്, കെ ജി ഗീത, ശ്രീജ ബിജു, അമ്പുടു ഗഫൂര്‍, പഞ്ചായത്ത് സെക്രട്ടറി തോംസണ്‍ ബി മാവൂട്ടില്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷീബ സജി, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
