ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി സൈനികനും, ഇത് വാങ്ങാനെത്തിയ മൂന്ന് യുവാക്കളും അറസ്റ്റിൽ. കരുവാറ്റ തെക്ക് സന്ദീപ് ഭവനത്തിൽ സന്ദീപ് കുമാർ (29) എന്ന സൈനികനെയാണ് 1.115 കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് സന്ദീപിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ, ഇയാളുടെ കിടപ്പുമുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന ചെറിയ പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തു.
കഞ്ചാവ് വാങ്ങാൻ എത്തിയവരായ കരുവാറ്റ തെക്ക് കൃഷ്ണ വീട്ടിൽ ഗോകുൽ (27), ശങ്കരവിലാസത്തിൽ ജിതിൻ കുമാർ (29), മനീഷ് ഭവനത്തിൽ മിഥുൻ (22) എന്നിവരെയും സന്ദീപിന്റെ വീട്ടിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു.
രാജസ്ഥാനിൽ ഇന്ത്യൻ സൈന്യത്തിൽ ജോലി ചെയ്യുന്ന സന്ദീപ് കുമാർ, അവധിക്ക് നാട്ടിലെത്തുമ്പോൾ ബെംഗളൂരുവിൽ നിന്ന് കഞ്ചാവ് വാങ്ങി ചില്ലറ വിൽപ്പന നടത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
