സന: ഹൂതി ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട് യെമന്‍ പ്രധാനമന്ത്രി ഷയ അല്‍ സിന്ദാനി. ഏദനിലെ അല്‍-മാഷിഖ് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെയാണ് ഹൂതികളുടെ മിസൈല്‍ ആക്രമണം നടന്നത്. ഈ സമയം കൊട്ടാരത്തില്‍ ഉണ്ടായിരുന്ന പ്രധാനമന്ത്രിയും മന്ത്രിമാരും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്ന് യെമന്‍ സര്‍ക്കാര്‍ അറിയിച്ചു. ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുണ്ട്. 16 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഏദനിലെ സൗദി സൈനിക പ്രവര്‍ത്തന ആസ്ഥാനമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ആക്രമണത്തിന് ശേഷം ഹൂതി പ്രതിനിധികള്‍ പറഞ്ഞു. സൗദി സൈനിക സന്നാഹങ്ങള്‍ എവിടെയുണ്ടോ അതെല്ലാം ലക്ഷ്യമിടാനാണ് പദ്ധതിയെന്ന് ഹൂതികള്‍ വെല്ലുവിളിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്ത് വന്നാലും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇവരെന്നാണ് വെല്ലുവിളികള്‍.

അതേസമയം ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ യുദ്ധക്കുറ്റകൃത്യങ്ങളെന്ന് വിശേഷിപ്പിച്ച് സൗദി അറേബ്യ. രാജ്യത്തെ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും വിമാനത്താവള സൗകര്യങ്ങള്‍ക്കും നേരെ നടത്തിയ ആക്രമണങ്ങള്‍ ധാര്‍മ്മികവും മതപരവുമായ പരിഗണനകളെ മറികടന്നെന്നും ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വലീദ് എല്‍ഖെരിജി പറഞ്ഞു. പുണ്യനഗരങ്ങളായ മക്കയെയും മദീനയെയും ലക്ഷ്യം വച്ചു. തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും ലക്ഷ്യം വച്ചുകൊണ്ട് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ആക്രമണം തടയുന്നതിന് എല്ലാ നടപടികളും സ്വീകരിക്കും. യെമന്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുന്നതായും സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *