അഭിഭാഷകനായ സൗരഭ് കിർപാൽ ഡൽഹി ഹൈക്കോടതി ജഡ്ജിയാകും. ചീഫ് ജസ്റ്റിസ് എന്‍.വി.രമണയുടെ അധ്യക്ഷതയിലുള്ള കൊളീജിയത്തിന്റേതാണ് തീരുമാനം. സൗരഭ് കൃപാലിനെ ജഡ്ജിയാക്കാനുള്ള ഡല്‍ഹി ഹൈക്കോടതിയുടെ ശുപാര്‍ശ നാല് വര്‍ഷത്തിന് ശേഷമാണ് സുപ്രീംകോടതി കൊളീജിയം അംഗീകരിച്ചത്. രാജ്യത്തെ ആദ്യ സ്വവര്‍ഗാനുരാഗിയായ ജഡ്ജിയാകും ഇതോടെ സൗരഭ് കൃപാല്‍.
നവ്‌തേജ് സിംഗ് ജോഹർ കേസ് വാദിച്ച മുൻനിര അഭിഭാഷകരിൽ ഒരാളാണ് സൗരഭ്. ഈ കേസാണ് 2018ൽ സ്വവർഗാനുരാഗം ഡീക്രിമിനലൈസ് ചെയ്യുന്നതിലേക്ക് നയിച്ചത്.
സുപ്രീം കോടതി സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കിയ രണ്ട് സുപ്രധാന കേസുകളില്‍ ഹര്‍ജിക്കാരുടെ അഭിഭാഷകനായിരുന്നു കൃപാല്‍. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് സുപ്രീംകോടതി കൊളീജിയം ഒടുവില്‍ അദ്ദേഹത്തെ ജഡ്ജിയാക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. സൗരഭ് കൃപാലിന്റെ പങ്കാളി സ്വിറ്റ്‌സര്‍ലന്‍ഡ് എംബസിയില്‍ ജോലി ചെയ്യുന്ന വിദേശ പൗരനാണെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

തന്റെ പങ്കാളി വിദേശ പൗരനായത് കൊണ്ടല്ല തന്നോടുള്ള ലൈംഗിക വിവേചനമാണ് അവഗണനക്ക് കാരണമെന്നായിരുന്നു ഒരു അഭിമുഖത്തിൽ സൗരഭ് കൃപാല്‍ പറഞ്ഞിരുന്നത്.

2021 മാര്‍ച്ചില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ കൃപാലിന്റെ നിയമനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും വ്യക്തതയും തേടി കേന്ദ്ര നിയമ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. അദ്ദേഹത്തിന്റെ പങ്കാളിയെ കുറിച്ചുള്ള ആശങ്കകള്‍ ആവര്‍ത്തിച്ചുകൊണ്ട് കേന്ദ്രം മറുപടി നല്‍കുകയുണ്ടായി. ബോബ്‌ഡെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തില്ല. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എന്‍വി രമണയടക്കമുള്ള നാല് മുതിര്‍ന്ന ജഡ്ജിമാരെ ഇത് സംബന്ധിച്ചുള്ള തീരുമാനമെടുക്കാന്‍ അദ്ദേഹം നിയോഗിക്കുകയായിരുന്നു.

മാര്‍ച്ചില്‍ ഡല്‍ഹി ഹൈക്കോടതിയിലെ 31 ജഡ്ജിമാരും ഏകകണ്ഠമായി അദ്ദേഹത്തിന്റെ പദവി അംഗീകരിച്ചതിനെത്തുടര്‍ന്ന് കൃപാലിനെ മുതിര്‍ന്ന അഭിഭാഷകനായി ഡല്‍ഹി ഹൈക്കോടതി നിയമിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *