ജാർഖണ്ഡ് സന്ദർശനത്തിനിടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ.മോദിയുടെ റോഡ് ഷോയ്ക്കിടെ ഒരു സ്ത്രീ അപ്രതീക്ഷിതമായി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിൽ എത്തിയിരുന്നു. ഈ സംഭവത്തിൽ ഒരു എഎസ്ഐയെയും രണ്ട് കോൺസ്റ്റബിൾമാരെയുമാണ് സസ്പെൻഡ് ചെയ്തത്.
പ്രധാനമന്ത്രിയുടെ റാഞ്ചി സന്ദർശനത്തിനിടെയാണ് സുരക്ഷാ വീഴ്ച. ബിർസ മുണ്ടയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ജാർഖണ്ഡിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു മോദി. ബുധനാഴ്ച രാവിലെ ഭഗവാൻ ബിർസ മുണ്ട മെമ്മോറിയൽ പാർക്ക്-കം-ഫ്രീഡം ഫൈറ്റർ മ്യൂസിയത്തിലേക്ക് റോഡ് ഷോയായി പോകുമ്പോൾ അപ്രതീക്ഷിതമായി ഒരു സ്ത്രീ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിൽ എത്തുകയായിരുന്നു.സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ യുവതിയെ പിടികൂടി. സംഗീത ഝാ എന്ന സ്ത്രീയെയാണ് കസ്റ്റഡിയിൽ എടുത്തത്. ഭർത്താവിനെതിരെ പരാതി നൽകാനാണ് യുവതി പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. 2012ൽ ജാർഖണ്ഡിലെ ദിയോഘർ ജില്ലയിലെ ജമുനി ഗ്രാമത്തിൽ വെച്ചായിരുന്നു യുവതിയുടെ വിവാഹം. 2016 മുതൽ, ഭർത്താവുമായി പ്രശ്നങ്ങൾ ആരംഭിച്ചു. ഇവർ തമ്മിൽ പതിവായി വഴക്കിടാറുണ്ടെന്ന് റാഞ്ചി സീനിയർ പൊലീസ് സൂപ്രണ്ട് ചന്ദൻ കുമാർ സിൻഹ പറഞ്ഞു.ഭർത്താവിന്റെ ശമ്പളം തന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നാണ് യുവതിയുടെ ആവശ്യം. ഈ വർഷം ഒക്ടോബറിൽ പ്രധാനമന്ത്രിയെ കാണാൻ യുവതി ഡൽഹിയിലേക്ക് പോകുകയും 10 ദിവസം താമസിക്കുകയും ചെയ്തു. പരാജയപ്പെട്ടതോടെ രാഷ്ട്രപതിയെ കാണാനും ശ്രമിച്ചു. എന്നാൽ എല്ലാ ശ്രമങ്ങളും പാഴായപ്പോൾ യുവതി ദിയോഘറിലുള്ള ബന്ധുവീട്ടിലേക്ക് മടങ്ങിയെത്തി. പ്രധാനമന്ത്രി റാഞ്ചിയിൽ എത്തിയതറിഞ്ഞാണ് ഝാ വന്നതെന്നും എസ്.പി പറഞ്ഞു.