മൂന്നാം ലോകകിരീടം ലക്ഷ്യമിട്ട് ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ ഫ്രാന്‍സിനെ നേരിടാനുള്ള അവസാനവട്ട തയാറെടുപ്പിലാണ് അര്‍ജന്റീന ടീം. മുന്‍ മത്സരങ്ങളിലേത് പോലെ തന്നെ നായകന്‍ ലയണല്‍ മെസി തന്നെയാകും ടീമിന്‍റെ കുന്തമുന. തന്‍റെ അവസാന ലോകകപ്പ് മത്സരം കളിക്കാനിറങ്ങുന്ന മെസിയ്ക് ലോകകിരീടം നല്‍കി യാത്രയാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ടീം അംഗങ്ങള്‍.
ലോകമെമ്പാടുമുള്ള അര്‍ജന്‍റീന ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന മറ്റൊരു വാര്‍ത്ത കൂടി ഖത്തറില്‍ നിന്ന് പുറത്തുവന്നു, ഫൈനലില്‍ ഫ്രാന്‍സിനെ നേരിടാന്‍ അര്‍ജന്‍റീന പതാകയുടെ നിറങ്ങളായ നീലയും വെള്ളയും നിറത്തിലുള്ള ഹോം ജേഴ്സിയില്‍ തന്നെയാകും മെസിയും കൂട്ടരും ഇറങ്ങുക.
1990, 2014 ലോകകപ്പ് ഫൈനലുകളില്‍ ജര്‍മ്മനിയോട് പരാജയപ്പെടുമ്പോള്‍ എവേ ജഴ്സിയിലായിരുന്നു അര്‍ജന്‍റീന കളിച്ചിരുന്നത്. അതിന് മുന്‍പ് കിരീടം നേടിയ 1978, 1986 ലോകകപ്പില്‍ ഇതേ നീലയും വെള്ളയും ഹോം ജേഴ്സിയാണ് അര്‍ജന്‍റീന ധരിച്ചിരുന്നത്. ഹോം ജേഴ്സി അണിഞ്ഞ് ഫൈനലില്‍ ഇറങ്ങിയാല്‍ അര്‍ജന്‍റീന കപ്പ് ഉയര്‍ത്തുമെന്ന ഒരു വിശ്വാസം ആരാധകര്‍ക്കിടയിലുണ്ട്.
എന്നാല്‍ 1930 ല്‍ ഉറുഗ്വായ്ക്കെതിരായ ഫൈനലില്‍ ഹോം ജേഴ്സിയണിഞ്ഞ് കളത്തിലിറിങ്ങിയെങ്കിലും അര്‍ജന്‍റീന പരാജയപ്പെട്ടിരുന്നു. പക്ഷെ എവേ ജേഴ്സി എന്ന ആശയം അക്കാലത്ത് ഫുട്ബോളില്‍ ഉണ്ടായിരുന്നില്ല. 1958 ലോകകപ്പ് മുതലാണ് അര്‍ജന്‍റീന എവേ ജേഴ്സി ഉപയോഗിച്ച് തുടങ്ങിയത്.
നീലയും വെളളയും ജഴ്സിയോട് അര്‍ജന്‍റീന ആരാധകര്‍ക്ക് അതിവൈകാരികമായ ബന്ധമാണുള്ളത്. അതേ ഹോം ജേഴ്സിയില്‍ ഇത്തവണ ഫ്രാന്‍സിനെ പരാജയപ്പെടുത്തി തങ്ങളുടെ ടീം കപ്പ് ഉയർത്തുമെന്ന പ്രതീക്ഷയിലാണ് അര്‍ജന്‍റീന ആരാധകര്‍.