വയനാട്ടിൽ ആദിവാസി യുവാവ് മാതനെ വലിച്ചിഴച്ച കാർ കണ്ടെത്തി പിടിച്ചെടുത്തതായി പൊലീസ്. അതിക്രമത്തിലെ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വയനാട് കണിയാമ്പറ്റ സ്വദേശി ഹർഷിദും സുഹൃത്തുക്കളുമാണ് പ്രതികൾ. കണിയാംപറ്റയിൽ നിന്നാണ് കാർ കണ്ടെത്തിയത്. പ്രതികളെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് മാനന്തവാടി പൊലീസ് അറിയിച്ചു. വാഹനം മാനന്തവാടി സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്. കെ എൽ 52 എച്ച് 8733 എന്ന സെലേരിയോ കാറിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. വയനാട് മാനന്തവാടി കൂടൽ കടവിലാണ് ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ച ക്രൂരത അരങ്ങേേറിയത് . വിനോദ സഞ്ചാരികളാണ് കാറിൽ കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം വലിച്ച് ഇഴച്ചത് .കൈയ്ക്കും കാലിനും ശരീരത്തിന്‍റെ പിൻഭാഗത്തും സാരമായി പരിക്കേറ്റ ആദിവാസി യുവാവ് മാതനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.ചെക്ക് ഡാം കാണാൻ എത്തിയ യുവാക്കൾ കൂടൽ കടവിൽ വച്ച് മറ്റ് ഒരു കാർ യാത്രക്കാരുമായി വാക്ക് തർക്കം ഉണ്ടായി. ഇതിൽ ഇടപ്പെട്ട നാട്ടുകാർക്ക് നേരെയായി പിന്നിട് അതിക്രമം. പ്രദേശവാസിയായ ഒരു അധ്യാപകനെ കല്ലുകൊണ്ട് ആക്രമിക്കാൻ തുടങ്ങിയപ്പോൾ മാതൻ തടഞ്ഞു. കാറിൽ വിരൽ കുടുങ്ങിയ മാതനെ കൈ വാഹനത്തോട് ചേർത്തു പിടിച്ച് അരക്കിലോമീറ്ററോളം ടാറിട്ട റോഡിലൂടെ യുവാക്കൾ വലിച്ചിഴച്ചു. പിന്നാലെ വന്ന കാറ് യാത്രക്കാർ ബഹളം വച്ചതോടെയാണ് മാതനെ വഴിയിൽ തള്ളിയത്. കൈയ്ക്കും കാലിനും ശരീരത്തിൻറെ പിൻഭാഗത്തും സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് മാതൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *