ജാർഖണ്ഡിൽ പതിനേഴുകാരിയായ മകളെ അച്ഛനും രണ്ടാനമ്മയും ചേർന്ന് കൊന്ന് കെട്ടിതൂക്കി. 17കാരിയായ ഖുഷി കുമാരിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഖുഷിയുടെ പേരിൽ ഫിക്സഡ് ഡിപ്പോസിറ്റിലുണ്ടായിരുന്ന ആറ് ലക്ഷം രൂപ നൽകാൻ അച്ഛൻ മകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പെൺകുട്ടി നിരസിച്ചതോടെയാണ് അച്ഛനും രണ്ടാനമ്മയും ചേർന്ന് 17 കാരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് സുനിൽ മഹ്തോയെയും ഭാര്യ പുനം ദേവിയെയും പൊലീസ് അറസ്റ്റ് ചെയ്തു.ജാർഖണ്ഡിലെ രാംഗ‍ഡ് ജില്ലയിലാണ് സംസ്ഥാനത്തെ നടുക്കിയ കൊലപാതകം നടന്നത്. ജനുവരി 13നാണ് ഖുഷി കുമാരിയെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരിയുടെ മരണത്തിൽ സംശയം തോന്നി പെൺകുട്ടിയുടെ സഹോദരൻ നൽകിയ പരാതിയെ തുട‌ർന്ന് രാംഗ‍ഡ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അച്ഛനും രണ്ടാനമ്മയും കുടുങ്ങിയത്. അന്വേഷണത്തിൽ ഇരുവരും ചേർന്ന് ഖുഷിയെ കൊലപ്പെടുത്തിയ ശേഷം ഫാനിൽ കെട്ടിത്തൂക്കി ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചുവെന്ന് പൊലീസ് കണ്ടെത്തി.ഖുഷിയുടെ ബാങ്ക് അക്കൗണ്ടിലുള്ള പണത്തെ ചൊല്ലി അച്ഛനും രണ്ടാനമ്മയും നിരന്തരമായി ശല്യപ്പെടുത്തിയിരുന്നു . ഏകദേശം ആറ് ലക്ഷം രൂപയുള്ള പെൺകുട്ടിയുടെ സ്ഥിരനിക്ഷേപത്തിന്റെ കാലാവധി തീരാറായിരുന്നെന്നാണ് പൊലീസ് റിപ്പോർട്ട്. മകൾ പണം തരില്ലെന്ന് ഉറപ്പായതോടെ ഇവർ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു . പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിതൂക്കൂകയായിരുന്നുവെന്ന് പെൺകുട്ടിയുടെ സഹോദരൻ പൊലീസിന് മൊഴി നൽകി. പെൺകുട്ടിയുടെ മരണണത്തിൽ ദുരൂഹതയുണ്ടെന്നും മാതാപിതാക്കളാണ് കൊലപാതകം നടത്തിയതെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായെത്തിയിരുന്നു. പെൺകുട്ടിയുടെ സഹോദരന്റെ പരാതിയിൽ ദമ്പതികൾക്കെതിരെ കൊലകുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും പിതാവ് സുനിൽ മഹ്തോയെയും ഭാര്യ പുനം ദേവിയെയും അറസ്റ്റ് ചെയ്തതായും രാംഗ‍ഡ് സബ് ഡിവിഷണൽ പൊലീസ് ഇൻസ്പെക്ടർ ബീരേന്ദ്ര കുമാർ ചൗധരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *