ന്യൂഡൽഹി: ബിസിസിഐ മുഖ്യ സെലക്ടർ ചേതൻ ശർമ രാജിവെച്ചു. ഒളിക്യാമറ വിവാദത്തിന് പിന്നാലെയാണ് രാജി. ബിസിസിഐ സെക്രട്ടറി ജയ് ഷാ ചേതൻ ശർമയുടെ രാജി സ്വീകരിച്ചതായാണ് റിപ്പോർട്ട്. ഒളിക്യാമറ ഓപ്പറേഷനിൽ കുടുങ്ങി ചേതൻ ശർമ നടത്തിയ വെളിപ്പെടുത്തലുകൾ ബിസിസിഐയെ ഉൾപ്പടെ പ്രതിസന്ധിയിലാക്കിയിരുന്നു.ഒരു സ്വകാര്യ ടിവി ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനിലാണ് ചേതൻ ശർമ കുടുങ്ങിയത്. ഫിറ്റ്‌നസ് ഇല്ലാത്ത ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം താരങ്ങൾ മത്സരത്തിന് ഇറങ്ങാൻ ഉത്തേജക മരുന്ന് കുത്തിവെക്കുന്നുണ്ട് എന്നതുൾപ്പടെയുള്ള വെളിപ്പെടുത്തലാണ് ചേതൻ ശർമ നടത്തിയത്. നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ നിർദേശത്തെ തുടർന്നാണ് മിക്ക താരങ്ങളും ഇവ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയെ പറ്റിയും പരാമർശമുണ്ടായിരുന്നു. മുൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കാരണമാണ് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായതെന്നാണ് വിരാട് കോഹ്ലി കരുതുന്നതെന്നും, ഇരുവരും തമ്മിൽ ഉണ്ടായിരുന്ന ഈഗോ പ്രശ്‌നങ്ങൾ വലുതാക്കിയെന്നും വീഡിയോയിൽ പറയുന്നു. മലയാളി താരം സഞ്ജു സാംസണെ കുറിച്ചും വീഡിയോയിൽ ചേതൻ ശർമ പറഞ്ഞിരുന്നു.
