രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. മോദിയുടെ ഇന്ത്യ ശരിയായ പാതയിലാണോ എന്ന വിഷയത്തിൽ സംസാരിക്കാൻ തനിക്ക് നിന്ന് ക്ഷണം ലഭിച്ചിരുന്നുവെന്നും എന്നാല്‍ തെരെഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധി എന്ന നിലക്ക് പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനാണ് താൻ മുന്‍ഗണന നല്‍കുന്നതെന്നും വരുൺ ഗാന്ധി പറഞ്ഞു.

‘ഓക്സ്ഫഡ്് പോലുളള ഒരു അക്കാദമിക് പ്ലാറ്റ്ഫോമില്‍ സംവാദത്തിന് ക്ഷണം ലഭിച്ചത് വലിയ ബഹുമതിയാണ്. എന്നാല്‍ സംസാരിക്കേണ്ട വിഷയം സംവാദത്തിന് സാധ്യത നല്‍കുന്നതല്ലെന്ന് തോന്നിയതിനാലാണ് ഞാന്‍ ക്ഷണം നിരസിച്ചത്. ഒരു ജനപ്രതിനിധി എന്ന നിലയില്‍ നയപരമായ സംരംഭങ്ങള്‍ പഠിച്ചും വിലയിരുത്തിയും, ദേശീയ താല്‍പ്പര്യമുള്ള വിഷയങ്ങള്‍ ഏറ്റെടുത്തും പരിഹാരങ്ങള്‍ നിര്‍ദേശിച്ചും, പൊതുജനങ്ങളുമായി ഇടപഴകുന്നതിലൂടെയും ഞങ്ങളുടെ സിസ്റ്റം ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് എന്റെ ജോലിയായി ഞാന്‍ കാണുന്നു’, വരുണ്‍ ഗാന്ധി പറഞ്ഞു.

പാര്ലമെന്റിലെയും മറ്റ് വേദികളിലെയും സംവാദത്തിൽ പങ്കെടുക്കാനാണ് താൻ മുൻഗണന നൽകുന്നതെന്നും അന്തര്‍ദേശീയ വേദിയില്‍ ആഭ്യന്തര വെല്ലുവിളികള്‍ ഉയര്‍ത്തിക്കാട്ടുന്നത് സത്യസന്ധതയായി കാണുന്നില്ലെന്നും വരുണ്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും വിവിധ രാഷ്ട്രീയ സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ചതുമായ വികസന പ്രവര്‍ത്തനങ്ങളാണ് ഇന്ത്യ പിന്‍തുടരുന്നതെന്നും ആഭ്യന്തരമായ അഭിപ്രായങ്ങള്‍ ഇന്ത്യയ്ക്കുള്ളില്‍ തന്നെ നില്‍ക്കണമെന്നും വരുണ്‍ ഗാന്ധി വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി ഇന്ത്യന്‍ ജനാധിപത്യത്തെ അവഹേളിച്ചു എന്ന ബിജെപിയുടെ വിമര്‍ശനം നിലനില്‍ക്കുന്ന സമയത്താണ് വരുണ്‍ ഗാന്ധിയുടെ പരാമര്‍ശം എന്നത് ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *