പശ്ചിമബംഗാളിൽ അഞ്ചാംഘട്ടതെരഞ്ഞെടുപ്പിന്‍റെ ആദ്യമണിക്കൂറുകളിൽ നല്ല പോളിംഗ്. ആറു ജില്ലകളിലെ 45 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി രേഖപ്പെടുത്തുന്നത്. 39 വനിതകളടക്കം 319 സ്ഥാനാര്‍ത്ഥികളാണ് മല്‍സരരംഗത്തുള്ളത്. വോട്ടെടുപ്പ് തുടങ്ങി ആദ്യമണിക്കൂറിൽ രേഖപ്പെടുത്തിയത് 16.15 ശതമാനം പോളിംഗാണ്. അതേസമയം, പശ്ചിമബംഗാളിലെ നാദിയ, 24 നോർത്ത് പർഗാനാസ് എന്നീ ജില്ലകളിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. നാലാംഘട്ട തെരഞ്ഞെടുപ്പിനിടെ കേന്ദ്രസേനയുടെ വെടിവെപ്പിൽ കൂഛ്ബിഹാറിൽ നാല് പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. 45 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്. 1.3 കോടി വോട്ടർമാർ പോളിംഗ് ബൂത്തിലെത്തും. കൊവിഡ് പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിൽ വേണം വോട്ടെടുപ്പ് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരിക്കുന്ന നിർദേശം. ആർഎസ്പി നേതാവും സ്ഥാനാർത്ഥിയുമായ പ്രദീപ് കുമാർ നന്ദി കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ചിരുന്നു

ഡാര്‍ജിലിംഗ്, കലിംപോങ്, ജയ്പായിഗുഡി, നദിയ, കിഴക്കന്‍ ബര്‍ദ്ദമാന്‍, നോര്‍ത്ത് 24 പര്‍ഗാനാസ് എന്നീ ആറു ജില്ലകളിലെ മണ്ഡലങ്ങളാണ് പോളിംഗ് ബൂത്തിലെത്തുന്നത്. നാലാംഘട്ട വോട്ടെടുപ്പിനെ ഉണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

സിലിഗുഡി മേയറും ഇടതു നേതാവുമായ അശോക് ഭട്ടാചാര്യ, മന്ത്രിമാരായ ഗൗതം ദേബ്, ബ്രത്യ ബസു, ബിജെപി നേതാവ് സമിക് ഭട്ടാചാര്യ എന്നിവര്‍ ഇന്നു ജനവിധി തേടുന്ന പ്രമുഖരില്‍പ്പെടുന്നു. നാലാംഘട്ടത്തിലെ സീതള്‍കുച്ചി വെടിവയ്പ് മുന്‍നിര്‍ത്തി പരസ്യപ്രചാരണം 72 മണിക്കൂര്‍ മുമ്പേ സമാപിച്ചിരുന്നു.

ഡാര്‍ജിലിങ്ങിലെ മൂന്ന് മണ്ഡലത്തില്‍ തൃണമൂല്‍ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുന്നു. അടുത്ത കാലംവരെ ജിജെഎം ബിജെപിയുടെ സഖ്യ കക്ഷിയായിരുന്നു. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ 32 എണ്ണം കഴിഞ്ഞ തവണ തൃണമൂല്‍ കോണ്‍ഗ്രസ് നേടിയിരുന്നു.

അഞ്ചാംഘട്ട വോട്ടെടുപ്പ് കഴിയുന്നതോടെ ബംഗാളില്‍ 180 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ണമാകും. എട്ടുഘട്ടമായാണ് ബംഗാളില്‍ വോട്ടെടുപ്പ്. ഏപ്രില്‍ 22, 26,29 തീയതികളില്‍ അടുത്ത ഘട്ട വോട്ടെടുപ്പ് നടക്കും. ബംഗാളില്‍ 294 അംഗ അസംബ്ലിയിലിലേക്കാണ് വോട്ടെടുപ്പ്. കോവിഡ് രോഗവ്യാപന സാഹചര്യത്തില്‍ ഇനി വന്‍ റാലികളും പൊതുയോഗങ്ങളും നടത്തേണ്ടെന്ന് സിപിഎം തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *